ന്യൂഡൽഹി: കേന്ദ്ര വിജിലൻസ് കമ്മിഷന്റെ ശുപാർശപ്രകാരമാണ് മുതിർന്ന രണ്ട്‌ സി.ബി.ഐ. ഉദ്യോഗസ്ഥരോട് അവധിയിൽ പ്രവേശിക്കാൻ സർക്കാർ നിർദേശിച്ചതെന്ന് കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്‌ലി. സി.ബി.ഐ. ഡയറക്ടർ അലോക് വർമയെ തിരിച്ചെടുക്കാൻ സുപ്രീംകോടതി നിർദേശിച്ചതിനുപിന്നാലെ, പാർലമെന്റ് വളപ്പിൽ മാധ്യമങ്ങളോട് സംസാരിക്കയായിരുന്നു അദ്ദേഹം.

സി.ബി.ഐ.യുടെ വിശ്വാസ്യത സംരക്ഷിക്കാനാണ് സർക്കാർ തീരുമാനമെടുത്തത്. ന്യായവും പക്ഷപാതരഹിതവുമായ സി.ബി.ഐ.യുടെ പ്രവർത്തനം മുന്നിൽക്കണ്ടാണ് കോടതിയുടെ തീരുമാനം. ഒരാഴ്ചയ്ക്കുള്ളിൽ വിഷയത്തിൽ തീരുമാനമെടുക്കാൻ പ്രധാനമന്ത്രിയടങ്ങുന്ന സമിതിയോട് കോടതി നിർദേശിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണ് -ജെയ്റ്റ്‌ലി പറഞ്ഞു.