കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി വിവാദ മദ്യവ്യവസായി വിജയ് മല്യയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് തങ്ങളുടെ എം.പി. സാക്ഷിയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യസഭാംഗം പി.എൽ. പുനിയയാണ് പാർലമെൻറ് കെട്ടിടത്തിനകത്തുവെച്ചുനടന്ന കൂടിക്കാഴ്ചയ്ക്ക്‌ സാക്ഷിയായതെന്ന് വ്യാഴാഴ്ച എ.ഐ.സി.സി. ആസ്ഥാനത്തുനടത്തിയ പത്രസമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. പുനിയക്കൊപ്പമായിരുന്നു രാഹുൽ മാധ്യമങ്ങളെ കണ്ടത്. മന്ത്രി ജെയ്റ്റ്‌ലി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെ മല്യ രാജ്യംവിട്ട സംഭവം സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക്‌ നീങ്ങി.

രാജ്യം വിടുംമുമ്പ് മന്ത്രിയെ കണ്ടെന്ന് ബുധനാഴ്ച മല്യ ലണ്ടനിൽ നടത്തിയ പ്രസ്താവന ജെയ്റ്റ്‌ലി നിഷേധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കോൺഗ്രസ് സാക്ഷിയുമായി എത്തിയത്. മല്യയെ പാർലമെൻറിന്റെ ഇടനാഴിയിൽവെച്ചാണ് കണ്ടതെന്നും ഏതാനും വാക്കുകൾ മാത്രമാണ് സംസാരിച്ചതെന്നുമുള്ള ജെയ്റ്റ്‌ലിയുടെ അവകാശവാദം തെറ്റാണെന്ന് രാഹുൽ പറഞ്ഞു.

2016 മാർച്ച് ഒന്നിന് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽവെച്ചാണ് ജെയ്റ്റ്‌ലിയും മല്യയും കൂടിക്കാഴ്ച നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു. ആ സമയം താൻ സെൻട്രൽ ഹാളിൽ ഉണ്ടായിരുന്നെന്നും ജെയ്റ്റ്‌ലിയും മല്യയും സംസാരിക്കുന്നത് കണ്ടെന്നും പി.എൽ. പുനിയ അവകാശപ്പെട്ടു.

“ഇരുവരുടെയും സംഭാഷണം 15-20 മിനിറ്റുവരെ നീണ്ടു. അല്പനേരം ഇരുന്നും പിന്നീട് നിന്നുകൊണ്ടും രഹസ്യമായിട്ടായിരുന്നു സംഭാഷണം. ആ ദിവസത്തെ സെൻട്രൽ ഹാളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ സർക്കാർ പുറത്തുവിടണം. ദൃശ്യങ്ങൾ ഇക്കാര്യം തെളിയിക്കും. ആരോപണം തെറ്റാണെന്ന്‌ തെളിഞ്ഞാൽ രാഷ്ട്രീയം ഉപേക്ഷിക്കാൻ തയ്യാറാണ്” -പുനിയ പറഞ്ഞു. 2016 മാർച്ച് രണ്ടിനാണ് മല്യ രാജ്യം വിട്ടത്.

മല്യ രാജ്യം വിടുന്നതിനെക്കുറിച്ച് അറിഞ്ഞിട്ടും അക്കാര്യം അന്വേഷണ ഏജൻസികളെ അറിയിക്കാത്ത മന്ത്രി ജെയ്റ്റ്‌ലി കുറ്റവാളിക്ക് ഒത്താശ ചെയ്യുകയായിരുന്നെന്ന് രാഹുൽ ആരോപിച്ചു. മന്ത്രിയും മല്യയും തമ്മിൽ എന്തോ ധാരണയുണ്ടെന്നും മന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും രാഹുൽ ആഞ്ഞടിച്ചു. “എന്തുകൊണ്ടാണ് ജെയ്റ്റ്‌ലി മല്യയെ രക്ഷപ്പെടാൻ അനുവദിച്ചത്. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമായിരുന്നോ കൂടിക്കാഴ്ച” -രാഹുൽ ചോദിച്ചു.

വിദേശത്തുപോകാൻ മല്യ ഡൽഹി വിമാനത്താവളത്തിലെത്തിയപ്പോൾ മല്യയുടെ പേരിലുള്ള ലുക്ക്ഔട്ട് നോട്ടീസ് കംപ്യൂട്ടറിൽനിന്ന്‌ മറയുകയും പകരം ‘വിവരം അറിയിക്കുക’ എന്നുമാത്രമായി ചുരുങ്ങുകയും ചെയ്തിനെയും കോൺഗ്രസ് ചോദ്യംചെയ്തു. ബ്ലോഗുകളിലൂടെ നെടുനീളൻ കുറിപ്പുകളെഴുതുന്ന ജെയ്റ്റ്‌ലി എന്തുകൊണ്ടാണ് ഈ ആരോപണത്തിൽ ഒരിക്കൽപ്പോലും പ്രതികരിക്കാത്തതെന്ന് രാഹുൽ ചോദിച്ചു.

വിജയ് മല്യ രാജ്യം വിടുന്നതിനുമുമ്പ് ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നത് നിഷേധിക്കാൻ കഴിയാത്ത യാഥാർഥ്യമാണെന്ന ബി.ജെ.പി. എം.പി. സുബ്രഹ്മണ്യൻ സ്വാമിയുടെ ട്വീറ്റ് കോൺഗ്രസിന്റെ ആരോപണങ്ങൾക്ക്‌ ശക്തിപകർന്നു. ബി.ജെ.പി. ദേശീയ നിർവാഹകസമിതി അംഗമായ സ്വാമിയും രാഹുലിന്റെ അതേ ചോദ്യമാണ് ഉന്നയിക്കുന്നതെന്ന് കോൺഗ്രസ് വക്താവ് രൺദീപ്‌ സർജെവാല പിന്നീട് പറഞ്ഞു.

രാഹുൽഗാന്ധി ലണ്ടനിൽ പോയശേഷമാണ് ഇത്തരത്തിലൊരു ആരോപണവുമായി മല്യ രംഗത്തുവന്നതെന്നതിൽ ദുരൂഹതയുണ്ടെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ആരോപിച്ചു. യു.പി.എ. സർക്കാരിന്റെകാലത്ത് മല്യക്ക് ബാങ്ക് സൗകര്യങ്ങൾ നൽകിയ കോൺഗ്രസ് ഇപ്പോൾ സംരക്ഷിക്കാനും ശ്രമിക്കുകയാണ്. കിങ് ഫിഷർ കമ്പനിയുടെ ബിനാമി ഉടമയായിരുന്നു രാഹുലെന്നും അതിനാലാണ് യു.പി.എ.കാലത്ത് രണ്ടുതവണ വായ്പ നൽകിയതെന്നും രവിശങ്കർ പ്രസാദ് ആരോപിച്ചു.

ജെയ്റ്റ്‌ലി രാജിവെക്കണമെന്ന ആവശ്യം ബി.ജെ.പി. തള്ളി

ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി രാജിവെക്കണമെന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആവശ്യം ബി.ജെ.പി. തള്ളി. നാഷണൽ ഹെറാൾഡ് കേസിൽ കുറ്റാരോപിതനായ രാഹുൽ ആദ്യം കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കട്ടേയെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ പറഞ്ഞു.

രാജ്യംവിടുന്നതിനുമുമ്പ് മല്യ പാർലമെന്റ് സെൻട്രൽ ഹാളിൽ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയെന്ന കോൺഗ്രസ് നേതാവ് പി.എൽ. പുനിയയുടെ ആരോപണവും ബി.ജെ.പി തള്ളി.