ന്യൂഡൽഹി: മലയാളം തിളങ്ങിയ പുരസ്കാരപ്പകലായിരുന്നു തിങ്കളാഴ്ച വിജ്ഞാൻ ഭവനിൽ. മികച്ച ചിത്രത്തിനുൾപ്പെടെ പത്തിലേറെ അവാർഡുകൾ ഏറ്റുവാങ്ങിയാണ് മലയാള സിനിമ ദേശീയ പുരസ്കാരവേദിയിൽ തിളങ്ങിയത്. ദാദാ സാഹേബ് ഫാൽക്കെ ബഹുമതി സ്വീകരിച്ചുകൊണ്ട് രജനീകാന്ത് ഭാഷാതീതകലയുടെ പ്രകാശമായി.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് 67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ സമ്മാനിച്ചത്. മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ സംവിധായകൻ പ്രിയദർശനും നിർമാതാവ് ആന്റണി പെരുമ്പാവൂരും ഏറ്റുവാങ്ങി. ഗിരീഷ് ഗംഗാധരൻ (ഛായാഗ്രാഹകൻ-ജല്ലിക്കെട്ട്), മാത്തുക്കുട്ടി സേവ്യർ (നവാഗത സംവിധായകൻ-ഹെലൻ) പ്രഭാവർമ (ഗാനരചയിതാവ്-കോളാമ്പി, ആരോടും പറയുക വയ്യ...) എന്നിവർക്കും അവാർ‍ഡുകൾ നൽകി.

മികച്ച മലയാള ചിത്രമായ ‘കള്ളനോട്ട’ത്തിന്റെ സംവിധായകൻ രാഹുൽ റിജി നായർ, നിർമാതാവ് ലിജോ ജോസഫ്, ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടാത്ത ഭാഷകളിൽനിന്നുള്ള സിനിമയ്ക്കുള്ള പുരസ്‌കാരം നേടിയ പണിയ ഭാഷാ ചിത്രം കെഞ്ചിരയുടെ സംവിധായകൻ മനോജ് കാന എന്നിവരും പുരസ്കാരങ്ങൾ സ്വീകരിച്ചവരിലുൾപ്പെടുന്നു. മരക്കാറിലെ സ്‌പെഷ്യൽ ഇഫക്ടിന് സിദ്ധാർഥ് പ്രിയദർശൻ ബഹുമതി ഏറ്റുവാങ്ങി. സുജിത് സുധാകരൻ, വി. സായി (മരക്കാർ) എന്നിവർക്ക് വസ്ത്രാലങ്കാരത്തിനും രഞ്ജിത്തിന് ചമയത്തിനും (ഹെലൻ) പുരസ്‌കാരങ്ങൾ സമ്മാനിച്ചു.

ബിരിയാണി സംവിധാനംചെയ്ത സജിൻ ബാബു, ഒത്ത ശെരുപ്പ് സൈസ് 7 എന്ന തമിഴ് ചിത്രത്തിന്റെ സംവിധായകൻ ആർ. പാർഥിപൻ എന്നിവരടക്കം അഞ്ചുപേർക്ക് ജൂറിയുടെ പ്രത്യേക പരാമർശം സമ്മാനിച്ചു. ഒത്ത ശെരുപ്പ് സൈസ് 7 എന്ന ചിത്രത്തിന് ശബ്ദലേഖനം നിർവഹിച്ചതിന് റസൂൽ പൂക്കുട്ടിയും ബിബിൻ ദേവും ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോഴും ഉയർന്നത് മലയാളി കലാലോകത്തിന്റെ കൈയടി.

നോൺ-ഫീച്ചർ വിഭാഗത്തിൽ കുടുംബമൂല്യങ്ങൾ നന്നായി അവതരിപ്പിച്ച സിനിമയ്ക്കുള്ള പുരസ്‌കാരം ‘ഒരു പാതിരാ സ്വപ്നം പോലെ’യുടെ സംവിധായകൻ ശരൺ വേണുഗോപാൽ സ്വീകരിച്ചു. കൊൽക്കത്ത സത്യതിജ് റായ്‌ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടാണ് ചിത്രം നിർമിച്ചത്.

മികച്ച നടന്മാരായ ധനുഷ്, മനോജ് ബാജ്‌പേയി, മികച്ച നടി കങ്കണ റണൗട്ട്, മികച്ച സഹനടൻ വിജയ് സേതുപതി, മികച്ച സഹനടി പല്ലവി ജോഷി തുടങ്ങിയവരും ബഹുമതികൾ ഏറ്റുവാങ്ങി. തുടർന്ന് ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം രജനീകാന്തിന് ഉപരാഷ്ട്രപതി സമ്മാനിച്ചു.

ചടങ്ങിൽ വാർത്താവിതരണ മന്ത്രി അനുരാഗ് ഠാക്കൂർ, സഹമന്ത്രി ഡോ. എൽ. മുരുഗൻ, വാർത്താവിതരണ മന്ത്രാലയം സെക്രട്ടറി അപൂർവ ചന്ദ്ര, ചലച്ചിേത്രാത്സവം അഡീഷണൽ ഡയറക്ടർ ജനറൽ ചൈതന്യ പ്രസാദ് എന്നിവർ പ്രസംഗിച്ചു. വിവിധ ജൂറികളുടെ അധ്യക്ഷന്മാരായ എൻ. ചന്ദ്ര, ഷാജി എൻ. കരുൺ തുടങ്ങിയവരും പങ്കെടുത്തു.