ന്യൂഡല്‍ഹി: ജനതാപാര്‍ട്ടികളുടെ ലയനത്തിന് വീണ്ടും അരങ്ങൊരുങ്ങുന്നു. അടുത്തവര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് നാല് പാര്‍ട്ടികള്‍ ചേര്‍ന്ന് ജനതാപരിവാര്‍ യാഥാര്‍ഥ്യമാക്കാനാണ് നീക്കം. ജനതാദള്‍ (യു), രാഷ്ട്രീയ ലോക് ദള്‍, ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച, സമാജ് വാദി ജനതാപാര്‍ട്ടി എന്നീ പാര്‍ട്ടികള്‍ ചേര്‍ന്നാണ് പുതിയ ജനതാപരിവാറിന് ശ്രമംനടത്തുന്നത്.
 
ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, സംസ്ഥാനങ്ങളിലാണ് ജനതാപരിവാര്‍ ആദ്യം നിലവില്‍വരിക. എന്നാല്‍ ഉത്തര്‍പ്രദേശിലെ പ്രബല ശക്തിയായ സമാജ് വാദി പാര്‍ട്ടി സഖ്യത്തില്‍ നിന്നൊഴിഞ്ഞുനില്‍ക്കും.

കഴിഞ്ഞദിവസം ജെ.ഡി. (യു) ജനറല്‍ സെക്രട്ടറി കെ.സി. ത്യാഗിയുടെ ഡല്‍ഹിയിലെ വസതിയില്‍ച്ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍, ജെ.ഡി. (യു) ദേശീയ പ്രസിഡന്റ് ശരദ് യാദവ്, ആര്‍.എല്‍.ഡി. നേതാവ് അജിത് സിങ്, ബിഹാര്‍ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപംകൊടുത്ത പ്രശാന്ത് കിഷോര്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്.
 
നാല് പാര്‍ട്ടികള്‍ ലയിച്ച് പുതിയ പാര്‍ട്ടി ഈ മാസം ഒടുവില്‍ ഉണ്ടായേക്കുമെന്നാണ് സൂചന. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ടത്ര സീറ്റുകള്‍ നല്കിയില്ലെന്ന ആരോപണമുയര്‍ത്തി മുലായംസിങ് തെറ്റിപ്പിരിഞ്ഞതോടെയാണ്, കഴിഞ്ഞ വര്‍ഷം പാര്‍ട്ടി പ്രഖ്യാപനം നടത്തിയിട്ടും ജനതാപരിവാര്‍ യാഥാര്‍ഥ്യമാകാതെ പോയത്.