ന്യൂഡല്‍ഹി: പുതിയ സംരംഭങ്ങള്‍ക്കും (സ്റ്റാര്‍ട്ട് അപ്‌സ്) സംരംഭകര്‍ക്കും നിയമത്തിലും നികുതിയിലും വന്‍ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാറിന്റെ 'സ്റ്റാര്‍ട്ട് അപ് ഇന്ത്യ' പദ്ധതിക്ക് ശനിയാഴ്ച ഔദ്യോഗിക തുടക്കം.

കഴിഞ്ഞ സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പരാമര്‍ശിച്ച 'സ്റ്റാര്‍ട്ട് അപ് ഇന്ത്യ, സ്റ്റാന്റ് അപ് ഇന്ത്യ' പരിപാടിയുടെ ഉദ്ഘാടനവേളയില്‍, ചെറുപ്പക്കാരിലും സ്‌കൂള്‍ കുട്ടികളിലുമുള്ള നൂതന ആശയക്കാരെയും സംരംഭകരെയും കണ്ടെത്തി പ്രോത്സാഹിപ്പിക്കാനുള്ള കര്‍മപരിപാടിയും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ഉന്നതദേശീയസ്ഥാപനങ്ങളില്‍ തുടങ്ങുന്ന പതിനെട്ട് 'ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേറ്ററു'കളില്‍ മൂന്നെണ്ണം കേരളത്തിലാണ്.

പ്രധാനമന്ത്രി പുറത്തിറക്കിയ സ്റ്റാര്‍ട്ട് അപ് ഇന്ത്യ കര്‍മപരിപാടിയിലെ പ്രധാന പ്രഖ്യാപനങ്ങള്‍
 
*പുതുസംരംഭങ്ങള്‍ സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ആരംഭിക്കാം. ആറു തൊഴില്‍നിയമങ്ങളും മൂന്നു പരിസ്ഥിതി നിയമങ്ങളും ബാധകമാവില്ല. മൂന്നുവര്‍ഷത്തേക്ക് ഉദ്യോഗസ്ഥ പരിശോധന ഉണ്ടാവില്ല. രേഖാമൂലമുള്ളതും വിശ്വാസ്യയോഗ്യവുമായ പരാതിയുണ്ടെങ്കില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ അനുമതിക്കുശേഷം മാത്രം പരിശോധന.
*പുതുസംരംഭങ്ങള്‍ക്ക് മൂലധനനേട്ട നികുതിയില്‍ (ക്യാപ്പിറ്റല്‍ ഗെയിന്‍സ്) ഇളവ്.
*ആദ്യത്തെ മൂന്നുവര്‍ഷം ലാഭത്തിന് ആദായനികുതി നല്‍കേണ്ട.
*പുതുസംരംഭങ്ങള്‍ക്ക് ബന്ധപ്പെടാനും ആശയസമ്പര്‍ക്കത്തിനും ഫണ്ടു കൈകാര്യം ചെയ്യാനും ദേശീയകേന്ദ്രം (നാഷണല്‍ ഹമ്പ്).
*സര്‍ക്കാറുമായും ഏജന്‍സികളുമായും ബന്ധപ്പെടാന്‍ മൊബൈല്‍ ആപും പ്രത്യേക പോര്‍ട്ടലും. ആപുവഴി സ്ഥാപനം രജിസ്റ്റര്‍ ചെയ്യാം.
*പേറ്റന്റ് ലഭിക്കാനുള്ള നടപടികള്‍ ലളിതമാക്കും. ഇപ്പോള്‍ മാസങ്ങളെടുക്കുന്നത് ഒഴിവാക്കും. പ്രധാന നഗരങ്ങളില്‍ ചേംബര്‍ ഓഫ് കോമേഴ്‌സ്, അഭിഭാഷകര്‍ എന്നിവരുമായി ബന്ധപ്പെട്ട ശൃംഖലയുണ്ടാക്കും. പേറ്റന്റ് അപേക്ഷയില്‍ 80 ശതമാനം ഇളവ്.
*ഉത്പാദനമേഖലയിലുള്ള പുതുസംരംഭങ്ങളുടെ ഉത്പന്നങ്ങള്‍ സര്‍ക്കാര്‍ വാങ്ങുന്നതിന് നിലവിലുള്ള നിയന്ത്രണങ്ങള്‍ നീക്കും. സ്ഥാപനത്തിന്റെ അനുഭവം, വിറ്റുവരവ് എന്നിവ നോക്കാതെതന്നെ ഉത്പന്നങ്ങള്‍ വാങ്ങും. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയില്ല.
*പുതുസംരംഭങ്ങള്‍ തുടങ്ങി പരാജയപ്പെട്ടാല്‍ അതില്‍നിന്ന് എളുപ്പം പിന്മാറാം. ഇതുമായി ബന്ധപ്പെട്ട 'പാപ്പരത്വ ബില്ല്' ലോക്‌സഭയില്‍ അവതരിപ്പിച്ചിട്ടുണ്ട്.
*നൂതന ആശയങ്ങളുടെ അടിസ്ഥാനത്തിലുള്ള പുതുസംരംഭങ്ങള്‍ക്ക് സഹായം നല്‍കാന്‍ അടുത്ത നാലുവര്‍ഷത്തേക്ക് 10,000 കോടി രൂപയുടെ നിധി. ഒരുവര്‍ഷം 2500 കോടി സഹായം.
*വര്‍ഷം 500 കോടി രൂപയുടെ വായ്പാസഹായം നാഷണല്‍ ക്രെഡിറ്റ് ഗ്യാരണ്ടി ട്രസ്റ്റ് കമ്പനി മുഖേന നല്‍കും.
*സ്വയംതൊഴില്‍ സംരംഭകരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ 'അടല്‍ ഇന്നോവേഷന്‍ മിഷന്‍'. നൂതനാശയങ്ങള്‍ കണ്ടെത്താന്‍ പരിപാടി. 500 ലാബുകള്‍. നാഷണല്‍ ഇന്നോവേഷന്‍ അവാര്‍ഡുകള്‍.
*ദേശീയതലത്തിലുള്ള ഇടപഴകലിനും അനുഭവങ്ങള്‍ പങ്കുവെക്കലിനും 'സ്റ്റാര്‍ട്ട് അപ് ഫെസ്റ്റ്'.
*പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നൂതന സംരംഭകത്വ, ആശയ വികസന പരിപാടി. ഇതിനായി പ്രത്യേക നയവും ചട്ടക്കൂടും.
*ബയോടെക്‌നോളജി മേഖലയ്ക്ക് പ്രത്യേക പ്രോത്സാഹനം. അഞ്ചു പുതിയ ബയോ ക്ലസ്റ്ററുകള്‍, 50 ബയോ ഇന്‍ക്യൂബേറ്റേഴ്‌സ്, 150 ടെക്‌നോളജി ട്രാന്‍സ്ഫര്‍ ഓഫീസുകള്‍, 20 ബയോ കണക്ട് ഓഫീസുകള്‍.