മുംബൈ: 'സ്റ്റാര്‍ട്ട്അപ്പു'കള്‍ക്കുവേണ്ടി നിലകൊള്ളുന്നവര്‍തന്നെ അസഹിഷ്ണുത വെച്ചുപുലര്‍ത്തുന്നതില്‍ വൈരുധ്യമുണ്ടെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി.

രാജ്യത്തെ ഇപ്പോഴത്തെ ഭരണകൂടത്തിനും അതിനെ നിയന്ത്രിക്കുന്ന ആര്‍.എസ്.എസ്സിനും ഇന്ത്യയെ സംബന്ധിച്ച് വളരെ ഇടുങ്ങിയ വീക്ഷണമാണുള്ളത്. എന്നാല്‍, 'സ്റ്റാര്‍ട്ട്അപ്പ്' ആശയത്തിന്റെ അടിസ്ഥാനംതന്നെ സ്വതന്ത്രമായ അഭിപ്രായവിനിമയമാണ് -രാഹുല്‍ പറഞ്ഞു. മുംബൈയില്‍ രണ്ടുദിവസത്തെ പരിപാടിക്കെത്തിയ അദ്ദേഹം വിലെ പാര്‍ലെയില്‍ നര്‍സീ മൊന്‍ജീ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ വിദ്യാര്‍ഥികളോട് സംവദിക്കുകയായിരുന്നു.

ശനിയാഴ്ചയാണ് ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രസര്‍ക്കാറിന്റെ 'സ്റ്റാര്‍ട്ട്അപ്പ്' പ്രോത്സാഹനപദ്ധതിക്ക് തുടക്കംകുറിച്ചത്. 'ഭാരതത്തിന് ഇന്നാവശ്യം തുറന്ന സമീപനം, അവസരങ്ങളോട് കൂടുതല്‍ വഴങ്ങല്‍, സ്വതന്ത്രമായ അഭിപ്രായവിനിമയം എന്നിവയാണ്. 'ഞാന്‍ അസഹിഷ്ണുവാണ്, എന്നാലെനിക്ക് സ്റ്റാര്‍ട്ട്അപ്പ് സംവാദങ്ങള്‍ വേണം' എന്നുപറയുന്നതില്‍ വൈരുധ്യമുണ്ട്' -രാഹുല്‍ഗാന്ധി ചൂണ്ടിക്കാട്ടി.

ബി.ജെ.പി ഓരോ വിഭാഗങ്ങളായി തിരിച്ചാണ് ജനങ്ങളെ കാണുന്നത്. അവര്‍ക്ക് ഹിന്ദുക്കളുണ്ട്, മുസ്ലിങ്ങളുണ്ട്, സ്ത്രീകളുണ്ട്, സിഖുകാരുണ്ട്. എന്നാല്‍, കോണ്‍ഗ്രസ് അത്തരം വേര്‍തിരിവില്‍ വിശ്വസിക്കുന്നില്ല. ജനങ്ങളെ വിഭിന്നവിഭാഗങ്ങളായി കാണുന്നവര്‍ ഒരു മൂല്യത്തിലും വിശ്വസിക്കാത്തവരാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

സ്റ്റാര്‍ട്ട്അപ്പ് സംരംഭങ്ങള്‍ക്ക് വലിയ തടസ്സം ചുവപ്പുനാടയാണ്. നിങ്ങളൊരു 10,000 കോടിയുടെ കമ്പനിയാണെങ്കില്‍ കാര്യങ്ങള്‍ വളരെ പരുങ്ങലിലാണ്. നിങ്ങള്‍ അതിലും വലിയ കമ്പനിയാണെങ്കില്‍ രാഷ്ട്രീയക്കാരില്‍ സമ്മര്‍ദംചെലുത്താം, നിയന്ത്രണങ്ങളെ മറികടക്കാം. കോണ്‍ഗ്രസ് മുന്നോട്ടുവെച്ച നിബന്ധനകള്‍ അംഗീകരിച്ചാല്‍ 15 മിനിറ്റ് കൊണ്ട് ജി.എസ്.ടി. (ചരക്ക്-സേവന നികുതി) ബില്‍ പാസാക്കാം. ഭരണകക്ഷി പറയുന്നത് അവര്‍ സമവായമുണ്ടാക്കി ബില്‍ പാസാക്കുമെന്നാണ്. യു.പി.എ. സര്‍ക്കാറാണ് ആദ്യം ജി.എസ്.ടി. ബില്‍ അവതരിപ്പിച്ചതെന്ന് ഓര്‍ക്കണം. ഇന്ത്യ-പാകിസ്താന്‍ ബന്ധം വഷളാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നും രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി.