ബാരാമുള്ള/ന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍ സൈന്യം നടത്തിയ മിന്നലാക്രമണം പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയ്ക്ക് പരമാവധി നാശം വരുത്തിയെന്ന് സൈന്യം. 20 ഭീകരര്‍ കൊല്ലപ്പെട്ടുവെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍ റിപ്പോര്‍ട്ടിലുള്ളത്. ഭീകരരുടെ സംഭാഷണങ്ങള്‍ ചോര്‍ത്തിയാണ് സൈന്യം ഈ നിഗമനത്തിലെത്തിയത്.

ദുഡ്‌നിയാലില്‍ നടത്തിയ ആക്രമണമാണ് ലഷ്‌കറിന് ഏറ്റവും നാശമുണ്ടാക്കിയത്. കേല്‍, ദുഡ്‌നിയാല്‍ എന്നിവിടങ്ങളിലെ ഭീകരരുടെ താവളങ്ങള്‍ നശിപ്പിക്കാന്‍ സൈന്യത്തിന്റെ അഞ്ച് സംഘങ്ങളെയാണ് നിയോഗിച്ചത്. സപ്തംബര്‍ 28-ന് അര്‍ധരാത്രിയിലായിരുന്നു ആക്രമണം. നിയന്ത്രണരേഖയ്ക്ക് 700 മീറ്റര്‍ അകലെ പാകിസ്താന്‍ സേനാ പോസ്റ്റിന്റെ സംരക്ഷണത്തിലുള്ള നാല് ഭീകരത്താവളങ്ങള്‍ സൈന്യം തകര്‍ത്തു.

സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഇങ്ങനെയൊരാക്രമണം ഭീകരര്‍ പ്രതീക്ഷിച്ചില്ല. ഒപ്പമുള്ളവരെ ഇന്ത്യന്‍ സേന കൊന്നൊടുക്കുന്നതുകണ്ട മറ്റു ഭീകരര്‍ തുണതേടി പാകിസ്താന്‍ സേനാ പോസ്റ്റുകളിലേക്ക് ഓടുന്നത് കാണാമായിരുന്നെന്ന് റിപ്പോര്‍ട്ട് പറയുന്നു.

അക്രമണത്തിനുശേഷം ഭീകരരുടെ റേഡിയോ സംഭാഷണങ്ങള്‍ സൈന്യം നിരീക്ഷിക്കുന്നുണ്ടായിരുന്നു. പാക് സൈന്യത്തിന്റെ സംഭാഷണം ചോര്‍ത്തിയതില്‍ നിന്ന് 10 ലഷ്‌കര്‍ ഭീകരര്‍ കൊല്ലപ്പെട്ടെന്ന് മനസ്സിലായി. പാക് സൈന്യത്തിന്റെ വാഹനങ്ങള്‍ ആക്രമണസ്ഥലത്ത് കുതിച്ചെത്തി ഭീകരരുടെ മൃതദേഹങ്ങള്‍ മുഴുവന്‍ നീക്കംചെയ്തു. നീലം താഴ്വരയില്‍ അവ കൂട്ടത്തോടെ സംസ്‌കരിച്ചെന്നാണ് സംഭാഷണങ്ങളില്‍ നിന്ന് മനസ്സിലായത്.

ബല്‍നോയിയിലെ ഭീകരതാവളങ്ങളില്‍ നടത്തിയ മിന്നലാക്രമണത്തില്‍ ഒമ്പതുപേര്‍ മരിച്ചെന്നും ഈ സംഭാഷണങ്ങളില്‍ നിന്ന് വ്യക്തമായി. ഇവിടത്തെ ആക്രമണത്തില്‍ രണ്ട് പാകിസ്താന്‍ പട്ടാളക്കാരും കൊല്ലപ്പെട്ടു. സപ്തംബര്‍ 28-ന് രാവിലെ എട്ടരയോടെ ഭീകരസംഘടനകളുടെ റേഡിയോ, വയര്‍ലെസ് സംവിധാനങ്ങള്‍ നിശ്ചലമായി.