ന്യൂഡല്‍ഹി: അടുത്തമാസം കോഴിക്കോട്ടെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിരുന്നൊരുക്കാന്‍ ജൈവ പച്ചക്കറി തയ്യാറാക്കുന്നു. സപ്തംബര്‍ 23 മുതല്‍ 25 വരെ നടക്കുന്ന ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതിക്കായാണ് മോദി കോഴിക്കോട്ടെത്തുന്നത്.
തൃശ്ശൂര്‍ മണലൂരിലെ അഞ്ചേക്കര്‍ സ്ഥലത്ത് കൃഷിചെയ്യുന്ന ജൈവ പച്ചക്കറിയാണ് യോഗത്തിനെത്തുന്ന മൂവായിരത്തോളം പേര്‍ക്ക് വിളമ്പുക. ഇതിന്റെ വിത്തിറക്കല്‍ ഉദ്ഘാടനം മണലൂരില്‍ ഞായറാഴ്ച വൈകിട്ട് നാലിന് നടക്കും.

ശുചിത്വഭാരത പദ്ധതിയെക്കുറിച്ച് തയ്യാറാക്കുന്ന ചലച്ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരായ 'ടീം സ്വച്ഛ് ഭാരത്' ആണ് ജൈവ പച്ചക്കറി കൃഷി ചെയ്യുന്നത്. യുവ ചലച്ചിത്രകാരന്‍ വിജീഷ് മണി ഒരുക്കുന്ന 'സ്വച്ഛ് ഭാരത്' സിനിമ മലയാളം, ഹിന്ദി, സംസ്‌കൃതം തുടങ്ങി 18 ഭാഷകളില്‍ ഡിസംബറില്‍ റിലീസ് ചെയ്യും. പരിസ്ഥിതിക്കും ശുചിത്വത്തിനും പ്രധാന്യംനല്‍കുന്ന ചിത്രത്തിന്റെ പ്രചാരണാര്‍ഥമാണ് ജൈവപച്ചക്കറി കൃഷിയും നടത്തുന്നത്. ചലച്ചിത്രത്തിന്റെ പോസ്റ്റര്‍ പ്രധാനമന്ത്രിയാണ് പുറത്തിറക്കിയത്.

ജൈവ പച്ചക്കറിയുടെ മഹത്ത്വം രാജ്യം മുഴുവനെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് വിവിധ സംസ്ഥാനക്കാര്‍ പരിപാടി തിരഞ്ഞെടുത്തതെന്ന് വിജീഷ് മണി പറഞ്ഞു. ബി.ജെ.പി. നേതാവ് എ.എന്‍. രാധാകൃഷ്ണനാണ് മണലൂരില്‍ പച്ചക്കറി കൃഷിക്കായി സ്ഥലവും മറ്റു സൗകര്യവും ഏര്‍പ്പെടുത്തി നല്‍കിയത്. കേരളത്തിലെ യുവകര്‍ഷകരുടെ കൂട്ടായ്മകളും സഹായത്തിനുണ്ട്. കേരളത്തില്‍ വിജയിക്കുന്ന ജൈവ പച്ചക്കറിയുടെ പ്രാധാന്യം രാജ്യം മുഴുവനെത്തിക്കുകയാണ് ലക്ഷ്യമെന്ന് ടീം സ്വച്ഛ് ഭാരത് പറയുന്നു.