ന്യൂഡല്‍ഹി: കേന്ദ്രസര്‍വീസില്‍നിന്ന് വിരമിച്ചവരുടെ ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ 9000 രൂപയാക്കി. ഏഴാം ശമ്പളക്കമ്മിഷന്‍ പ്രാബല്യത്തില്‍വന്ന 2016 ജനവരി ഒന്നിനോ ശേഷമോ സര്‍വീസില്‍നിന്ന് വിരമിച്ചവര്‍ക്കും 2016 ജനവരി ഒന്നിനുമുമ്പ് വിരമിച്ചവര്‍ക്കും 9000 രൂപയാണ് കുറഞ്ഞ പെന്‍ഷന്‍.

ഇരുവിഭാഗക്കാരുടെയും പെന്‍ഷന്‍ പരിഷ്‌കരിച്ച് പെന്‍ഷന്‍കാര്യ വകുപ്പ് വെവ്വേറെ ഉത്തരവുകള്‍ പുറപ്പെടുവിച്ചു. സൈന്യം, റെയില്‍വേ എന്നിവയില്‍നിന്ന് വിരമിച്ചവരുടെയും അഖിലേന്ത്യാ സര്‍വീസില്‍നിന്ന് പിരിഞ്ഞ ഓഫീസര്‍മാരുടെയും കാര്യത്തില്‍ പിന്നീട് പ്രത്യേക ഉത്തരവ് പുറത്തിറക്കും.

ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ 9000 രൂപയും കൂടിയത് 1,25,000 രൂപയും ആയിരിക്കും. കുറഞ്ഞ ശമ്പളത്തിന്റെയും കൂടിയ ശമ്പളത്തിന്റെയും 50 ശതമാനമാണിത്.

അധികപെന്‍ഷന്‍
*80-നും 85-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക്-പരിഷ്‌കരിച്ച അടിസ്ഥാന പെന്‍ഷന്‍/കുടുംബ പെന്‍ഷന്റെ 20 ശതമാനം കൂടുതല്‍.
*85-നും 90-നും ഇടയിലുള്ളവര്‍ക്ക്-പരിഷ്‌കരിച്ച പെന്‍ഷന്‍/കുടുംബ പെന്‍ഷന്റെ 30 ശതമാനം കൂടുതല്‍.
*90-നും 95-നും ഇടയിലുള്ളവര്‍ക്ക്-പരിഷ്‌കരിച്ച പെന്‍ഷന്‍/കുടുംബ പെന്‍ഷന്റെ 40 ശതമാനം കൂടുതല്‍.
*95-നും 100-നുമിടയിലുള്ളവര്‍ക്ക്-പരിഷ്‌കരിച്ച പെന്‍ഷന്‍/കുടുംബ പെന്‍ഷന്റെ 50 ശതമാനം കൂടുതല്‍.
*100-ന് മുകളിലുള്ളവര്‍ക്ക്-പരിഷ്‌കരിച്ച പെന്‍ഷന്‍/കുടുംബ പെന്‍ഷന്റെ 100 ശതമാനം കൂടുതല്‍.
*പുതിയ ഫോര്‍മുലപ്രകാരം പെന്‍ഷന്‍ പരിഷ്‌കരിച്ചാല്‍ 9000 രൂപയില്‍ കുറഞ്ഞിട്ടുണ്ടെങ്കില്‍, അത് ഉയര്‍ത്തി 9000 രൂപ പെന്‍ഷന്‍ നല്‍കും.
 
വിരമിക്കല്‍/മരണ ഗ്രാറ്റ്വിറ്റി
*സര്‍വീസ് ഒരു വര്‍ഷത്തിന് താഴെ-പ്രതിമാസ വേതനത്തിന്റെ രണ്ടിരട്ടി.
*ഒരു വര്‍ഷത്തിനും അഞ്ചുവര്‍ഷത്തിനുമിടയില്‍-മാസ വേതനത്തിന്റെ ആറിരട്ടി.
*അഞ്ചുവര്‍ഷത്തിനും 11 വര്‍ഷത്തിനുമിടയില്‍-മാസ വേതനത്തിന്റെ 12 ഇരട്ടി.
*11 വര്‍ഷത്തിനും 20 വര്‍ഷത്തിനുമിടയില്‍-മാസവേതനത്തിന്റെ 20 ഇരട്ടി.
*20 വര്‍ഷവും അതിനുമുകളിലും സര്‍വീസ്-പൂര്‍ത്തിയാക്കുന്ന ഓരോ ആറുമാസത്തെ സര്‍വീസ് കാലത്തിനും പകുതി മാസത്തെ ശമ്പളം. എന്നാല്‍ ഇത് വേതനത്തിന്റെ പരമാവധി 33 ഇരട്ടിയില്‍ കൂടരുത്.
*വിരമിക്കല്‍/മരണ ഗ്രാറ്റ്വിറ്റി പരമാവധി 20 ലക്ഷം രൂപയായിരിക്കും. ഡി.എ. അടിസ്ഥാനശമ്പളത്തിന്റെ 50 ശതമാനം വര്‍ധിച്ചാല്‍ ഗ്രാറ്റ്വിറ്റിയുടെ പരിധി 25 ശതമാനം കൂടും.
 
കുടുംബപെന്‍ഷന്‍
*പരിഷ്‌കരിച്ച സ്‌കെയിലിലെ അടിസ്ഥാനശമ്പളത്തിന്റെ 30 ശതമാനമായി ഏകീകരിച്ചായിരിക്കും കുടുംബപെന്‍ഷന്‍ കണക്കാക്കുക. എന്നാല്‍, ഇത് ഏറ്റവും കുറഞ്ഞത് 9000 രൂപയും കൂടിയത് ഉയര്‍ന്ന സര്‍ക്കാര്‍ ശമ്പളത്തിന്റെ 30 ശതമാനവും ആയിരിക്കും.
*വര്‍ധിപ്പിച്ച കുടുംബപെന്‍ഷന്‍ പരിഷ്‌കരിച്ച ശമ്പളസ്‌കെയിലിലെ അടിസ്ഥാനശമ്പളത്തിന്റെ 50 ശതമാനമായിരിക്കും (ഏറ്റവും കുറഞ്ഞത് 9000 രൂപയും കൂടിയത് 1,25,000 രൂപയും).
*പഴയ കുടുംബപെന്‍ഷന്‍കാരുടെ കാര്യത്തില്‍ കുടുംബപെന്‍ഷന്‍, വര്‍ധിപ്പിച്ച കുടുംബപെന്‍ഷന്‍, അധിക കുടുംബപെന്‍ഷന്‍ എന്നിവയിലൊന്നും മറ്റു മാറ്റങ്ങളില്ല.
*പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍, കമ്മ്യൂട്ടേഷന്‍ പരിധി എന്നിവയില്‍ മാറ്റമില്ല.
*മെഡിക്കല്‍ അലവന്‍സ് ഇതിനായി രൂപവത്കരിച്ച സമിതിയുടെ റിപ്പോര്‍ട്ട് വരുന്നതുവരെ നിലവിലെ നിരക്കില്‍ തുടരും.
 
എക്‌സ്‌ഗ്രേഷ്യ നഷ്ടപരിഹാരം
*ജോലിക്കിടയിലെ അപകടമരണം, ഭീകരാക്രമണം, സാമൂഹിക വിരുദ്ധരുടെ ആക്രമണം തുടങ്ങിയവമൂലമുള്ള മരണം-25 ലക്ഷം രൂപ.
*അതിര്‍ത്തിയിലെ ഏറ്റുമുട്ടല്‍, ഭീകരാക്രമണം, കടല്‍ക്കൊള്ളക്കാരുടെ ആക്രമണം എന്നിവമൂലമുള്ള മരണം-35 ലക്ഷം.
*ഉയര്‍ന്ന പ്രദേശങ്ങളിലും അതിര്‍ത്തി പോസ്റ്റുകളിലും ജോലി ചെയ്യുമ്പോള്‍ സംഭവിക്കുന്ന മരണം-35 ലക്ഷം.
*യുദ്ധത്തിലോ സമാന ഏറ്റുമുട്ടലുകളിലോ സംഭവിക്കുന്ന മരണം-45 ലക്ഷം.

2016 ജനവരി ഒന്നിനുമുമ്പ് വിരമിച്ച പെന്‍ഷന്‍കാര്‍
*ആറാം ശമ്പളക്കമ്മിഷന്‍ ശുപാര്‍ശപ്രകാരമുള്ള അടിസ്ഥാന പെന്‍ഷന്‍/കുടുംബപെന്‍ഷന്റെ 2.57 ഇരട്ടിയായിരിക്കും പുതിയ പെന്‍ഷന്‍.
*2016 ജനവരി ഒന്നിനുശേഷം മിനിമം പെന്‍ഷന്‍ 9000 രൂപയായിരിക്കും (പ്രായമായവര്‍ക്കുള്ള അധികപെന്‍ഷന്‍ കൂടാതെ).
*പെന്‍ഷന്‍/കുടുംബപെന്‍ഷന്‍ എന്നിവയുടെ ഉയര്‍ന്ന പരിധി, ഉയര്‍ന്ന ശമ്പളത്തിന്റെ യഥാക്രമം 50 ശതമാനവും 30 ശതമാനവും ആയിരിക്കും.