ബുലന്ദ്ശഹര്‍: മരണാനന്തരച്ചടങ്ങില്‍ പങ്കെടുക്കാന്‍ കുടുംബത്തോടൊപ്പം പോവുകയായിരുന്ന അമ്മയെയും മകളെയും വണ്ടിയില്‍നിന്ന് പിടിച്ചിറക്കി കൂട്ടബലാത്സംഗം ചെയ്തു. ഉത്തര്‍ പ്രദേശിലെ ബുലന്ദ്ശഹറില്‍ വെള്ളിയാഴ്ച പാതിരയ്ക്കാണ് സംഭവം. 

ഇതുമായി ബന്ധപ്പെട്ട് 15 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. മൂന്നുപേരെ കുടുംബാംഗങ്ങള്‍ തിരിച്ചറിഞ്ഞു. മുഖ്യപ്രതി ആരെന്ന് മനസ്സിലായതായി പോലീസ് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലേക്ക് പോയ കുടുംബമാണ് ഡല്‍ഹി-കാണ്‍പുര്‍ പാതയില്‍ ആക്രമണത്തിനിരയായത്. മൂന്നു പുരുഷന്മാരും രണ്ടുസ്ത്രീകളും 14 വയസ്സുള്ള പെണ്‍കുട്ടിയുമാണ് വണ്ടിയിലുണ്ടായിരുന്നത്.

ബുലന്ദ്ശഹറില്‍ പ്രവേശിച്ചയുടന്‍ വണ്ടി എവിടെയോ ഇടിച്ചു. തുടര്‍ന്ന് വണ്ടി നിര്‍ത്തിയപ്പോഴാണ് ഒരു സംഘം ആളുകള്‍ കുടുംബത്തെ ആക്രമിച്ചത്. ഇവരെ അടുത്തുള്ള പാടത്തേക്ക് വലിച്ചുകൊണ്ടുപോയി. പണവും ആഭരണവും മൊബൈല്‍ഫോണും കവര്‍ന്നു. പുരുഷന്മാരെയും പ്രായമായ സ്ത്രീയെയും കെട്ടിയിട്ടു. 35 വയസ്സു പ്രായംവരുന്ന സ്ത്രീയെയും മകളെയും ബലാത്സംഗം ചെയ്‌തെന്ന് പോലീസ് പറഞ്ഞു.

പുരുഷന്മാരില്‍ ഒരാള്‍ സ്വന്തം കെട്ടഴിച്ച് രക്ഷപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചയോടെ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് പോസ്റ്റിന് 100 മീറ്റര്‍ അകലെയാണ് വണ്ടി തടഞ്ഞുനിര്‍ത്തിയത്.

മുഖ്യപ്രതിക്കായി ബുലന്ദ്ശഹര്‍, മീററ്റ് എന്നിവിടങ്ങില്‍ പോലീസിന്റെ 15 സംഘങ്ങള്‍ തിരച്ചില്‍നടത്തുകയാണ്. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നിരിക്കുന്നു എന്ന ആരോപണമുള്ളതിനാല്‍, ഇയാളെ 24 മണിക്കൂറിനകം പിടികൂടണമെന്നാണ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഉത്തരവ്. ബുലന്ദ്ശഹറിലേക്ക് പോയി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി. എന്നിവരോട് അദ്ദേഹം നിര്‍ദേശിച്ചു.

സംഭവംനടന്ന പ്രദേശത്തെ പോലീസ് സ്റ്റേഷന്റെചുമതയുള്ള ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി.

ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം യു.പി. സര്‍ക്കാറിനെ കടുത്തഭാഷയില്‍ വിമര്‍ശിച്ചു. തങ്ങളെ സംരക്ഷിക്കാന്‍ ശേഷിയുള്ള ആരെയെങ്കിലും തിരഞ്ഞെടുക്കണമെന്ന് യു.പി.യിലെ സ്ത്രീകള്‍ മനസ്സിലാക്കിയെങ്കില്‍ എന്ന് അവര്‍ ആഗ്രഹം പ്രകടിപ്പിച്ചു. യു.പി.യില്‍ സ്ത്രീശാക്തീകരണം വിദൂരസ്വപ്‌നമായി നിലനില്‍ക്കുകയാണെന്നും അവര്‍ പറഞ്ഞു. വനിതാകമ്മിഷന്‍ അധ്യക്ഷയാകുംമുമ്പ് ബി.ജെ.പി.യുടെ ദേശീയ നിര്‍വാഹകസമിതി അംഗമായിരുന്നു അവര്‍.