ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡില്‍ (ബി.സി.സി.ഐ.) സമഗ്ര അഴിച്ചുപണി ആവശ്യപ്പെടുന്ന ലോധ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഭൂരിഭാഗം ശുപാര്‍ശകളും സുപ്രീംകോടതി അംഗീകരിച്ചു. ഭാരവാഹികള്‍ 70 വയസ്സില്‍ താഴെയുള്ളവരാകണം, മന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഭാരവാഹികളാവരുത് എന്നിവയുള്‍പ്പെടെയുള്ള ശുപാര്‍ശകളാണ് അംഗീകരിച്ചത്. ശുപാര്‍ശകള്‍ നടപ്പാക്കാന്‍ നാലു മുതല്‍ ആറുമാസം വരെ സമയം ബി.സി.സി.ഐ.യ്ക്ക് നല്കിയിട്ടുണ്ട്. ഇതിന് മേല്‍നോട്ടം വഹിക്കാന്‍ ജസ്റ്റിസ് ആര്‍.എം.ലോധയെ കോടതി ചുമതലപ്പെടുത്തി.
 
അതേസമയം, വാതുവെപ്പ് നിയമാനുസൃതമാക്കുക, ബി.സി.സി.ഐ.യെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുക എന്നീ വിഷയങ്ങള്‍ സുപ്രീംകോടതി പാര്‍ലമെന്റിന്റെ തീരുമാനത്തിനുവിട്ടു. അതേസമയം, മത്സരസംപ്രേഷണത്തിനിടെ പരസ്യം നിയന്ത്രിക്കണമെന്ന ശുപാര്‍ശ കോടതി അംഗീകരിച്ചില്ല.
 
സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധ, ജഡ്ജിമാരായ അശോക് ഭാന്‍, ആര്‍.വി. രവീന്ദ്രന്‍ എന്നിവരടങ്ങുന്ന സമിതി ജനവരി നാലിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ബി.സി.സി.ഐ.യില്‍ സി.എ.ജി.യുടെ പ്രതിനിധി വേണമെന്ന ശുപാര്‍ശയും ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍, ജസ്റ്റിസ് എഫ്.എം.ഐ. ഖലീഫുള്ള എന്നിവരുടെ ബെഞ്ച് അംഗീകരിച്ചു.
 
ഒരു സംസ്ഥാനത്തിന് ഒരു വോട്ട് എന്ന ശുപാര്‍ശയെ ബി.സി.സി.ഐ. എതിര്‍ത്തെങ്കിലും സുപ്രീംകോടതി അംഗീകരിച്ചു. മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒന്നിലധികം ക്രിക്കറ്റ് അസോസിയേഷനുകളുണ്ട്. അവര്‍ക്ക് ഒന്നിടവിട്ട് വോട്ടവകാശം നല്‍കും.
 
പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ്, ട്രഷറര്‍, ജോയന്റ് സെക്രട്ടറി എന്നിങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന അഞ്ചു ഭാരവാഹികളേ ഇനി ബോര്‍ഡില്‍ ഉണ്ടാവൂ. മൂന്നു വര്‍ഷത്തെ പരിധിയില്‍ ഇടവേളകളോടെ പരമാവധി മൂന്നു തവണ മാത്രമേ ഭാരവാഹിയായിരിക്കാന്‍ പാടുള്ളൂ. ബി.സി.സി.ഐ.യില്‍ തീരുമാനങ്ങളെടുത്തിരുന്ന പ്രവര്‍ത്തക സമിതി ഇനിയുണ്ടാവില്ല. പകരം ഒമ്പതംഗ ഉന്നതാധികാര സമിതിയായിരിക്കും തീരുമാനങ്ങളെടുക്കുക. കളിക്കാരുടെയും സി.എ.ജി.യുടെയും പ്രതിനിധി ഈ സമിതിയിലുണ്ടാവും. വനിതാ പ്രാതിനിധ്യവുമുറപ്പാക്കിയിട്ടുണ്ട്.
 
കളിക്കാരുടെ അസോസിയേഷന്‍ ഉണ്ടാക്കാനും അവര്‍ക്ക് ബി.സി.സി.ഐ.യില്‍ പ്രാതിനിധ്യം നല്കാനുമുള്ള ശുപാര്‍ശയും അംഗീകരിച്ചു. ഇതിന് പണം എത്രമാത്രമാകാം എന്നതുസംബന്ധിച്ച് ബോര്‍ഡിന് തീരുമാനമെടുക്കാം. ഭിന്ന താത്പര്യം ഒഴിവാക്കാന്‍ ഒരംഗത്തിന് ക്രിക്കറ്റ് അസോസിയേഷനില്‍ ഒരു പദവിയേ പാടുള്ളൂവെന്ന് നിബന്ധന വെച്ചിട്ടുണ്ട്. സി.എ.ജി. പ്രതിനിധി എത്തുന്നതോടെ ബി.സി.സി.ഐ.യിലെ മറ്റ് ഭരണതല കമ്മിറ്റികളെല്ലാം പിരിച്ചുവിടണം.
 
സംപ്രേക്ഷണാവകാശവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നിലനില്‍ക്കുന്ന കരാറുകളില്‍ എന്തെങ്കിലും മാറ്റം വേണമോയെന്ന് ബോര്‍ഡിന് തീരുമാനിക്കാം. ഫ്രാഞ്ചൈസി അംഗം ബോര്‍ഡില്‍ ഉണ്ടാകണോയെന്നും അവര്‍ക്ക് തീരുമാനിക്കാം. ബി.സി.സി.ഐ.യിലെ ഘടനാപരമായ മാറ്റം ആറുമാസത്തിനകം നടപ്പാക്കും. ഇക്കാര്യം നിരീക്ഷിക്കാനും ലോധ കമ്മിറ്റിയെ സുപ്രീംകോടതി ചുമതലപ്പെടുത്തി.
 
ചില ക്രിക്കറ്റ് അസോസിയേഷനുകള്‍, മുന്‍ താരങ്ങളായ കീര്‍ത്തി ആസാദ്, ബിഷന്‍ സിങ് ബേദി തുടങ്ങിയവര്‍ ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേരളത്തില്‍ നിന്ന് കാലിക്കറ്റ് ക്രിക്കറ്റ് അസോസിയേഷനും കേസില്‍ കക്ഷിചേര്‍ന്ന് റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
 
''ഇന്ത്യന്‍ ക്രിക്കറ്റിനും ഇന്ത്യന്‍ കായികരംഗത്തിനും മഹത്തായദിനം. ക്രിക്കറ്റ് ആരാധകര്‍ക്ക് ഇനി സന്തോഷിക്കാം'' -സുപ്രീം കോടതിയുടെ തീരുമാനത്തില്‍ ജസ്റ്റിസ് ലോധ പ്രതികരിച്ചതിങ്ങനെയാണ്. സുപ്രീംകോടതി വിധി മാനിക്കുന്നതായി ബി.സി.സി.ഐ. അഭിഭാഷകന്‍ കെ.കെ. വേണുഗോപാലും ഐ.പി.എല്‍. ചെയര്‍മാന്‍ രാജീവ് ശുക്ലയും പറഞ്ഞു. എന്നാല്‍, ബി.സി.സി.ഐ. പ്രസിഡന്റ് അനുരാഗ് താക്കൂര്‍ വിധിപഠിച്ചശേഷം പ്രതികരിക്കുമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി.