പുണെ: പുണെയില്‍ കട്ടപ്പുറത്തായ പഴയ ബസ്സുകള്‍ സഞ്ചരിക്കുന്ന ശൗചാലയങ്ങളാക്കുന്നു. തുടക്കത്തില്‍ ഒരുകോടി രൂപ ചെലവില്‍ ഇത്തരം 100 ശൗചാലയങ്ങളാണ് നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളില്‍ ലഭ്യമാക്കുന്നത്. പിംപ്രി-ചിംച്വാഡ് നഗരസഭയുടെ ഉടമസ്ഥതയിലുള്ള പുണെ മഹാനഗര്‍ പരിവഹന്‍ മണ്ഡല്‍ ലിമിറ്റഡിന്റെ(പി.എം.പി.എം.എല്‍.) ബസ്സുകളാണ് പുതിയ റോളിലെത്തുന്നത്.

പുണെ, പിംപ്രി-ചിംച്വാഡ് നഗരങ്ങളിലും സമീപപ്രദേശങ്ങളിലുമായാണ് മഹാനഗര്‍ പരിവഹന്‍ ബസ് സര്‍വീസ് നടത്തുന്നത്. അവരുടെ ഒട്ടേറെ ബസ്സുകളാണ് കാലപ്പഴക്കം മൂലം ഓടാതെ കട്ടപ്പുറത്തുകിടക്കുന്നത്. പഴയ ബസ്സുകള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന വിപണിവിലയായ ഒരു ലക്ഷത്തോളം രൂപ പി.എം.പി.എം.എല്ലിന് നഗരസഭ നല്‍കും.

ബസ്സുകള്‍ പഴയതാണെങ്കിലും ശൗചാലയത്തില്‍ ആധുനിക സൗകര്യങ്ങളുണ്ടാകും. ശീതീകരണസംവിധാനവുമേര്‍പ്പെടുത്തും. പഴയബസ്സുകള്‍ ഉപയോഗിച്ച് കുറഞ്ഞചെലവില്‍ ഇവ നിര്‍മിക്കാമെന്നതാണ് പദ്ധതിയുടെ ആകര്‍ഷണീയത.
നഗരസഭയുടെ ഖരമാലിന്യ വിനിയോഗവകുപ്പിന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് പുണെ റോട്ടറിക്ലബ്ബും സഹായം വാഗ്ദാനംചെയ്തിട്ടുണ്ട്.
 
സ്മാര്‍ട്ട്‌സിറ്റി മിഷന്‍ പദ്ധതിപ്രകാരം പുണെ നഗരത്തില്‍ ആവശ്യമായ പൊതു ശൗചാലയങ്ങളും ശുചീകരണസൗകര്യങ്ങളുമൊക്കെ ഉറപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. ഏകദേശം 40 ശതമാനത്തിലധികം ചേരിനിവാസികള്‍ ഉള്‍ക്കൊള്ളുന്ന പുണെ, പിംപ്രി-ചിംച്വാഡ് നഗരങ്ങളില്‍ നിലവില്‍ മൊത്തം അഞ്ഞൂറോളം പൊതുകക്കൂസുകളും എണ്ണൂറോളം മൂത്രപ്പുരകളുമാണുള്ളത്.
 
എന്നാല്‍, സ്മാര്‍ട്ട് സിറ്റി പദ്ധതി പഠനപ്രകാരം 16,000 പൊതുകക്കൂസുകള്‍ നഗരത്തില്‍ അനിവാര്യമാണെന്നാണ് നഗരസഭ കണക്കാക്കുന്നത്.