ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി സംസ്ഥാനനേതാക്കള്‍ നടത്തുന്ന ചര്‍ച്ചകളുടെ ഒരുഘട്ടം പൂര്‍ത്തിയായി. കെ.പി.സി.സി.യില്‍ അഴിച്ചുപണിവേണമെന്ന ആവശ്യത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ രണ്ടാംദിവസവും ഉറച്ചുനിന്നു. ഇനി സംസ്ഥാനത്തെ എം.പി.മാരുമായി രാഹുല്‍ഗാന്ധി കൂടിക്കാഴ്ചനടത്തും. എല്ലാ അഭിപ്രായവും കേട്ടശേഷം ഒരു തീരുമാനത്തിലെത്താമെന്ന നിലപാടിലാണദ്ദേഹം. 
 
യുവനേതാക്കളുള്‍പ്പെടെ 45-ഓളം പേരുമായാണ് രാഹുല്‍ വെള്ളിയാഴ്ച സംസാരിച്ചത്. ഒമ്പതുജില്ലകളില്‍നിന്നുള്ള പി.സി.സി. അധ്യക്ഷന്‍മാര്‍, കെ.പി.സി.സി. ഭാരവാഹികള്‍, പോഷകസംഘടനാനേതാക്കള്‍ എന്നിവര്‍ രാഹുലിനെ കണ്ടു. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഒന്നിച്ചുനില്‍ക്കണമെന്ന ആവശ്യം രാഹുല്‍ ആവര്‍ത്തിച്ചു. സജീവ് ജോസഫ്, പി.എം. സുരേഷ് ബാബു, മാത്യു കുഴല്‍നാടന്‍, ടോണി കല്ലാനി, എം. ലിജു, ജെയ്‌സണ്‍ ജോസഫ്, ലാലി വിന്‍സെന്റ്, പത്മജ വേണുഗോപാല്‍ തുടങ്ങിയവരാണ് വെള്ളിയാഴ്ച രാഹുല്‍ ഗാന്ധിയെ കണ്ടത്. രാഹുല്‍ഗാന്ധിക്ക് പത്മജ കത്തുനല്‍കി.
 
സുധീരന്റെ നേതൃത്വത്തില്‍ മറ്റൊരുഗ്രൂപ്പ് ഉരുത്തിരിഞ്ഞുവരുന്നതായി എ, ഐ ഗ്രൂപ്പുകള്‍ രാഹുലിനോട് പരാതിപ്പെട്ടതായാണ് വിവരം. എന്നാല്‍, ഇക്കാര്യം സുധീരന്‍ പക്ഷത്തുള്ളവര്‍ നിഷേധിച്ചു. പുനഃസംഘടനയില്‍ യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും അതിന് ഏറ്റവുംയോജിച്ച സമയമാണിതെന്നും അവര്‍ ആവശ്യപ്പെട്ടു. ഗ്രൂപ്പുകള്‍ക്കെതിരെ താന്‍ പറഞ്ഞതായിവന്ന വാര്‍ത്തകളില്‍ രാഹുല്‍ഗാന്ധി അതൃപ്തി പ്രകടിപ്പിച്ചതായി നേതാക്കള്‍ പറഞ്ഞു.
 
ഗ്രൂപ്പുകള്‍ ഒന്നിച്ചുനില്‍ക്കണമെന്നാണ് പറഞ്ഞതെന്നും അത് ഗ്രൂപ്പുകള്‍ക്ക് എതിരല്ലെന്നുമാണ് ചിലനേതാക്കള്‍ വിശദീകരിക്കുന്നത്. തിരഞ്ഞെടുപ്പുതോല്‍വിയില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന രാഹുല്‍ഗാന്ധിയുടെ വാക്കുകളെ തെറ്റായിവ്യാഖ്യാനിക്കുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. എന്നാല്‍, ഗ്രൂപ്പുകളില്‍ രാഹുല്‍ അതൃപ്തി പ്രകടിപ്പിച്ചുവെന്നാണ് സുധീരന്‍പക്ഷത്തുള്ളവര്‍ പറയുന്നത്.
വി.എം.സുധീരന്‍, എം.എം.ഹസ്സന്‍, ബെന്നി ബെഹനാന്‍ എന്നിവര്‍ സോണിയാഗാന്ധിയുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തി.