ന്യൂഡല്‍ഹി: പരസ്​പരസമ്മതത്തോടെയുള്ള സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കണമെന്നാവശ്യപ്പെട്ട് വിവിധമേഖലകളിലെ പ്രശസ്തര്‍ സുപ്രീംകോടതിയെ സമീപിച്ചു. സ്വവര്‍ഗരതി കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് എടുത്തുകളയണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. പ്രശസ്ത ഷെഫ് റീത്തു ഡാല്‍മിയ, ഹോട്ടലുടമ അമന്‍നാഥ്, നര്‍ത്തകന്‍ എന്‍.എസ്. ജോഹര്‍ തുടങ്ങിയവരാണ് തങ്ങളുടെ ലൈംഗികാവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. വേനലവധികഴിഞ്ഞ് സുപ്രീംകോടതി തുറക്കുന്ന ബുധനാഴ്ച ഹര്‍ജി പരിഗണിച്ചേക്കും.
 
ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ് ലൈംഗിക അവകാശമെന്ന് ഹര്‍ജിയില്‍പറയുന്നു. എന്നാല്‍, നിയമം കാരണം തങ്ങളുടെ ജീവിതം വളരെയധികം അടിച്ചമര്‍ത്തപ്പെടുകയും അവകാശങ്ങള്‍ ലംഘിക്കപ്പെടുകയുമാണ്. വിവിധമേഖലകളില്‍ രാജ്യത്തിന് വലിയ സംഭാവനകള്‍ നല്‍കിയിട്ടും 377-ാം വകുപ്പ് തങ്ങളെ കുറ്റവാളികളാക്കുകയാണെന്നും ഹര്‍ജിയില്‍പറഞ്ഞു.
 
സന്നദ്ധസംഘടനയായ നാസ് ഫൗണ്ടേഷന്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജിയില്‍ തുറന്നകോടതിയില്‍ വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് നേരത്തേ സമ്മതിച്ചിരുന്നു. തിരുത്തല്‍ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ഫിബ്രവരിരണ്ടിന് കോടതി അഞ്ചംഗഭരണഘടനാബെഞ്ചിന് വിടുകയും ചെയ്തു. ഒരേ ലിംഗത്തില്‍പ്പെട്ടവര്‍ തമ്മില്‍ സമ്മതത്തോടെ ബന്ധപ്പെടുന്നത് കുറ്റകരമാക്കുന്ന രണ്ടുവര്‍ഷം മുമ്പത്തെ വിധി പുനഃപരിശോധിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
 
377-ാം വകുപ്പ് ശരിവെച്ചുകൊണ്ടുള്ള 2013-ലെ സുപ്രീംകോടതി വിധിക്കെതിരെ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണ് തിരുത്തല്‍ഹര്‍ജി നല്‍കിയത്. നേരത്തെ കേന്ദ്രസര്‍ക്കാറും സ്വവര്‍ഗപ്രേമികളും നല്‍കിയ നിരവധി പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയിരുന്നു. ഇപ്പോള്‍ പ്രശസ്തരായ ഒരുസംഘം സ്വവര്‍ഗപ്രേമികളാണ് പുതിയഹര്‍ജി നല്‍കിയത്.
 
നാസ് ഫൗണ്ടേഷന്‍ 2001-ല്‍ നല്‍കിയ ഹര്‍ജിയില്‍ 377-ാം വകുപ്പിനെ ഡല്‍ഹി ഹൈക്കോടതി 2009-ല്‍ കുറ്റകരമല്ലാതാക്കിയിരുന്നു. എന്നാല്‍, ഡല്‍ഹി ഹൈക്കോടതിയുടെ വിധി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നാണ് സുപ്രീംകോടതി കണ്ടെത്തിയത്. സ്വവര്‍ഗരതി ജീവപര്യന്തം തടവുശിക്ഷവരെ ലഭിക്കാവുന്ന കുറ്റമാക്കിമാറ്റുകയും ചെയ്തു.