ന്യൂഡല്‍ഹി: പെന്‍ഷന്‍ അനുവദിക്കുന്നതിലും വിതരണം ചെയ്യുന്നതിനുമുള്ള ഓണ്‍ലൈന്‍ സംവിധാനവുമായി എല്ലാ കേന്ദ്ര മന്ത്രാലയങ്ങളെയും ബന്ധിപ്പിക്കും. പെന്‍ഷന്‍കാരുടെ പ്രതിനിധികളടങ്ങിയ സ്റ്റാന്‍ഡിങ് കമ്മിറ്റി ഓഫ് വളണ്ടറി ഏജന്‍സീസിന്റെ യോഗത്തില്‍ കേന്ദ്ര പഴ്‌സണല്‍ വകുപ്പ് സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്ങാണ് ഇക്കാര്യം അറിയിച്ചത്.

'ഭവിഷ്യ' എന്ന ഓണ്‍ലൈന്‍ സംവിധാനത്തെ മന്ത്രാലയങ്ങളുമായി ബന്ധപ്പെടുത്തുന്നതോടെ പെന്‍ഷന്‍ അനുവദിക്കുന്ന നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനാവും. അനാവശ്യ കാലതാമസം ഉണ്ടാകുന്നത് എവിടെയെന്ന് കണ്ടെത്താനും ഫയല്‍ നീക്കങ്ങള്‍ കൃത്യമായി മനസ്സിലാക്കാനും കഴിയുന്നതോടെ ഇക്കാര്യത്തില്‍ സുതാര്യതയുണ്ടാകും. പെന്‍ഷന്‍ പേയ്‌മെന്റ് ഓര്‍ഡറുകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.

'ഭവിഷ്യ'യിലൂടെ ഇപ്പോള്‍ത്തന്നെ പെന്‍ഷന്‍ അനുവദിക്കല്‍ നടപടികളുടെ പുരോഗതി അതത് സമയം എസ്.എം.എസ്. വഴിയും ഇ-മെയിലായും വിരമിച്ച ഉദ്യോഗസ്ഥരെ അറിയിക്കുന്നുണ്ടെന്ന് പെന്‍ഷന്‍ വകുപ്പ് സെക്രട്ടറി സി. വിശ്വനാഥ് യോഗത്തെ അറിയിച്ചു. നടപ്പുസാമ്പത്തികവര്‍ഷം കൊണ്ട് രാജ്യത്തെ 9,000 ഡ്രോയിങ് ആന്‍ഡ് ഡിസ്‌ബേഴ്‌സല്‍ ഓഫീസുകളിലും 'ഭവിഷ്യ' നടപ്പാക്കുമെന്നും സെക്രട്ടറി വ്യക്തമാക്കി.