കോഴിക്കോട്: പുതുഅഭിരുചികള്‍ തേടുന്ന വായനയുടെ വസന്തമാണ് വരാനിരിക്കുന്നത്. സംസ്ഥാനത്തെ വായനശാലകളുടെ എണ്ണം പ്രതിവര്‍ഷം കൂടുന്നതായി ലൈബ്രറി കൗണ്‍സിലിന്റെ കണക്കുകള്‍.2015-'16 സാമ്പത്തികവര്‍ഷത്തില്‍ പുതുതായി 141 വായനാശാലകളാണ് സംസ്ഥാനത്ത് ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരം നേടിയത്.
 
2014-'15 വര്‍ഷത്തില്‍ 80 വായനശാലകളും 2015-'14 വര്‍ഷത്തില്‍ 183 വായനശാലകളും കൗണ്‍സിലിന്റെ അംഗീകാരം നേടി. നിലവില്‍ 7940 വായനാശാലകളാണ് കൗണ്‍സിലിന് കീഴിലുള്ളത്.ആധുനികീകരിക്കുന്നതിനും വായനശാലകള്‍ താത്പര്യപ്പെടുന്നുണ്ട്. ഈ വര്‍ഷം 1824 ലൈബ്രറികളെ എ-ഗ്രേഡ് നിലവാരത്തിലേക്കുയര്‍ത്തി. വായനക്കാരുടെ എണ്ണത്തിലും കുറവ് സംഭവിക്കുന്നില്ലെന്നാണ് ബന്ധപ്പെട്ട മേഖലകളില്‍ നിന്നുള്ളവര്‍ അഭിപ്രായപ്പെടുന്നത്.

ഗൗരവത്തോടെ വായനയെ കാണുന്നവര്‍ കൂടി. എം.ടി., തകഴി, മുകുന്ദന്‍, ഒ.വി. വിജയന്‍ തുടങ്ങിയ മാസ്റ്റേഴ്‌സിനൊപ്പം സുഭാഷ് ചന്ദ്രന്‍, കെ.ആര്‍. മീര, ബെന്യാമിന്‍ തുടങ്ങി പുതുതലമുറക്കാരും വായിക്കപ്പെടുന്നു. കവിതയും നാടകവും വായിക്കുന്നവരുടെ എണ്ണം കുറഞ്ഞു. എന്നാല്‍, അനുഭവക്കുറിപ്പുകള്‍, വ്യക്തിത്വ വികസനം സംബന്ധിച്ച പുസ്തകങ്ങള്‍, സാങ്കേതികവിദ്യ, സയന്‍സ് എന്നിവ വായിക്കാന്‍ ചെറുപ്പക്കാര്‍ കൂടുതല്‍ താത്പര്യപ്പെടുന്നുണ്ട്. ഇംഗ്‌ളീഷ് പുസ്തകങ്ങളും വ്യാപകമായി വായിക്കപ്പെടുന്നു.

''വായനയുടെ രീതി മാറി എന്നത് തന്നെയാണ് ശ്രദ്ധേയം. പുസ്തകത്തിനൊപ്പം ഇ-വായനയും വ്യാപിക്കുന്നു. ഓണ്‍ലൈന്‍ മാഗസിനുകളും ഇ-ബുക്കുകളും നവമാധ്യമങ്ങളിലെ കുറിപ്പുകളും ചെറുപ്പക്കാര്‍ വായിക്കുന്നുണ്ട്. ഇതിനെയും പരിഗണിക്കേണ്ടിയിരിക്കുന്നു'' - എഴുത്തുകാരിയും ഗുരുവായൂരപ്പന്‍ കോളേജ് മലയാളവിഭാഗം അധ്യാപികയുമായ ടി.വി. സുനീത പറഞ്ഞു.

വായനക്കാര്‍ കൂടുന്നുവെങ്കിലും വായനശാലകളുടെ നടത്തിപ്പിനുള്ള പ്രയാസം കണ്ടില്ലെന്ന് നടിക്കരുതെന്ന് കോഴിക്കോട് ഭാഷാപോഷിണി ജനറല്‍ സെക്രട്ടറി പി.കെ. പ്രകാശന്‍ പറഞ്ഞു. മുമ്പ് വായനശാലകള്‍ സന്നദ്ധപ്രവര്‍ത്തകരുടെ താവളമായിരുന്നു. ആ രീതിയിലാണ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതും. ഇന്ന് ആളുകള്‍ അതിന് തയ്യാറല്ല.

എ. ഗ്രേഡ് വായനശാലകളിലെ ലൈബ്രേറിയന്മാര്‍ക്ക് 1,500 രൂപയാണ് മാസവേതനം. വായനശാലകളുടെ ചെലവുകള്‍ നടക്കാന്‍ നൃത്ത, സംഗീത ക്ലാസുകള്‍ നടത്തേണ്ട അവസ്ഥയാണ്. ലൈബ്രറിയന്മാരുടെ തസ്തിക രൂപവത്കരിച്ച് നിയമനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.