ബെംഗളൂരു: യുദ്ധവിമാനങ്ങള്‍ പറത്തുന്നതില്‍ കര, നാവിക, വ്യോമസേനാംഗങ്ങള്‍ക്ക് പരിശീലനം നല്കാന്‍ തദ്ദേശീയമായി വികസിപ്പിച്ച പരിശീലനവിമാനം സജ്ജമായി.ബെംഗളൂരു ആസ്ഥാനമായുള്ള ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ്(എച്ച്.എ.എല്‍.) വികസിപ്പിച്ച ഹിന്ദുസ്ഥാന്‍ ടര്‍ബോ ട്രെയിനര്‍ (എച്ച്.ടി.ടി.- 40) വിമാനം പറന്നുയര്‍ന്നപ്പോള്‍ വ്യോമയാനരംഗത്ത് മറ്റൊരുനേട്ടത്തിന്റെ ചരിത്രംകുറിച്ചു.

ബെംഗളൂരു എച്ച്.എ.എല്‍. വിമാനത്താവളത്തില്‍നിന്ന് വെള്ളിയാഴ്ച രാവിലെ പറന്നുയര്‍ന്ന 'എച്ച്.ടി.ടി.- 40' വിമാനം പതിനഞ്ചുമിനിറ്റുനേരം ആകാശത്ത് കരുത്തുകാട്ടി.വിമാനത്തിന്റെ ആദ്യത്തെ ഔദ്യോഗികപറക്കലിനാണ് ബെംഗളൂരു വേദിയായത്. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, എച്ച്.എ.എല്‍. ചെയര്‍മാന്‍ ടി. സുവര്‍ണരാജു, സേനാ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പറക്കല്‍.
 
തദ്ദേശീയ പരിശീലനവിമാനപദ്ധതിക്ക് അനുമതിനല്കി 12 മാസത്തിനുള്ളില്‍ വിമാനം പുറത്തിറാക്കാന്‍ കഴിഞ്ഞതിന് എച്ച്.എ.എല്‍. ഉദ്യോഗസ്ഥരെ പ്രതിരോധമന്ത്രി അഭിനന്ദിച്ചു. കേന്ദ്രസര്‍ക്കാറിന്റെ 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിമാനത്തിന്റെ നിര്‍മാണം. 350 കോടിരൂപയാണ് പദ്ധതിക്ക് ചെലവായത്.

രണ്ടുസീറ്റുള്ള വിമാനം പറന്നുയര്‍ന്നപ്പോള്‍ നിയന്ത്രണം എച്ച്.എ.എല്‍. ചീഫ് ടെസ്റ്റ് പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റന്‍ സുബ്രഹ്മണ്യത്തിനായിരുന്നു. ഗ്രൂപ്പ് ക്യാപ്റ്റന്‍ വേണുഗോപാല്‍ സഹപൈലറ്റായിരുന്നു. അടിസ്ഥാനപരിശീലനത്തിനുള്ള കരുത്തുറ്റവിമാനമാണ് 'എച്ച്.ടി.ടി.- 40' എന്ന് സുബ്രഹ്മണ്യം പറഞ്ഞു. 2800 കിലോഗ്രാമാണ് ഇതിന്റെ ഭാരം.

ഈവിഭാഗത്തില്‍പ്പെട്ട 70 വിമാനങ്ങള്‍ നിര്‍മിച്ചുനല്‍കാനാണ് വ്യോമസേന എച്ച്.എ.എല്ലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 2018-ല്‍ വിമാനത്തിന് പ്രവര്‍ത്തനാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എച്ച്.എ.എല്‍. ചെയര്‍മാന്‍ സുവര്‍ണരാജു പറഞ്ഞു.