ന്യൂഡല്‍ഹി: തായ്‌ലന്‍ഡ് പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് രണ്ടുതവണ വരാവുന്ന ഇ-ടൂറിസ്റ്റ് വിസ ഉടന്‍ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ ബുദ്ധതീര്‍ഥാടനകേന്ദ്രങ്ങളിലേക്ക് തായ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് നീക്കം.
ഇന്ത്യയിലെത്തിയ തായ് പ്രധാനമന്ത്രി ജനറല്‍ പ്രയൂത് ചാന്‍ ഒ ചയുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം ഇരുവരും നടത്തിയ സംയുക്ത പ്രഖ്യാപനത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. പ്രതിരോധം, സമുദ്ര സുരക്ഷ, വാണിജ്യം, സൈബര്‍സുരക്ഷ, ഭീകരത നേരിടല്‍, മനുഷ്യക്കടത്ത് തടയല്‍ എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളുമായുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ ഇരുവരും നടത്തിയ ചര്‍ച്ചകളില്‍ ധാരണയായി.
ഇന്ത്യ-മ്യാന്മര്‍-തായ്‌ലന്‍ഡ് പാത പൂര്‍ത്തിയാക്കുക, ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ മോട്ടോര്‍വാഹന കരാര്‍ എത്രയും പെട്ടെന്ന് ഒപ്പുവെക്കുക എന്നീ കാര്യങ്ങളിലും ധാരണയായി. ഭീകരത നേരിടാന്‍ തായ്‌ലന്‍ഡിന്റെ സഹായവാഗ്ദാനം ഗുണകരമാകുമെന്ന് മോദി പറഞ്ഞു. ഇന്ത്യന്‍ ഭരണഘടന ഉടന്‍ തായ് ഭാഷയിലേക്കു പരിഭാഷപ്പെടുത്തും. ഉത്പാദനമേഖലയില്‍ ഉള്‍പ്പെടെ തായ്‌ലന്‍ഡില്‍നിന്നുള്ള നിക്ഷേപത്തെ മോദി സ്വാഗതം ചെയ്തു. 2017ല്‍ ഇന്ത്യ-തായ്‌ലന്‍ഡ് നയതന്ത്രബന്ധത്തിന്റെ സപ്തതി ആഘോഷിക്കാനിരിക്കുകയാണ്.