ബെംഗളൂരു: തുടിക്കുന്നഹൃദയം മറ്റൊരാളില്‍ തുന്നിച്ചേര്‍ക്കാനായി ബെംഗളൂരു നഗരത്തില്‍ വീണ്ടും ഹരിത ഇടനാഴി തീര്‍ത്തു. ജീവനു വേണ്ടി ബെംഗളൂരു കൈകോര്‍ത്തപ്പോള്‍ ഹൃദയം വഹിച്ച ആംബുലന്‍സ് ഒരാസ്​പത്രിയില്‍ നിന്നും 16 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു ആസ്​പത്രിയിലേക്ക് പറന്നെത്താനെടുത്തത് എട്ടു മിനിറ്റു മാത്രം. തുടര്‍ന്ന് ഹൃദയം മറ്റൊരാളില്‍ വിജയകരമായി തുന്നിച്ചേര്‍ത്തു. ഈ വര്‍ഷം ഇത് പത്താം തവണയാണ് നഗരത്തില്‍ ഹരിത ഇടനാഴി തീര്‍ക്കുന്നത്.

ബെംഗളൂരു സ്വദേശിയായ മോഹന്‍കുമാറിന്റെ ഹൃദയമാണ് മറ്റൊരാളില്‍ തുന്നിച്ചേര്‍ത്തത്. കഴിഞ്ഞ ദിവസം ഓഫീസില്‍ നിന്നു വീട്ടിലേക്കു മടങ്ങുന്നതിനിടെ ബൈക്കപകടത്തില്‍ പരിക്കേറ്റ മോഹനനെ മണിപ്പാല്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷ കൈവിട്ടതോടെ മരിക്കുമെന്ന വിവരം ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ അവയവദാനത്തിന് സന്നദ്ധരാവുകയായിരുന്നു.

ഇതിനിടെ രാമയ്യ മെഡിക്കല്‍ കോളേജില്‍ ഒരു രോഗിക്ക് ഹൃദയം ആവശ്യമാണെന്ന വിവരം ലഭിച്ചു. തുടര്‍ന്ന് ഹൃദയം കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയായിരുന്നു. ബുധനാഴ്ച രാവിലെ പോലീസ് ഇതിനായി റോഡുകളില്‍ വാഹനങ്ങള്‍ തടഞ്ഞു. തുടര്‍ന്ന് ശരവേഗത്തില്‍ ഓള്‍ഡ് മദ്രാസ് റോഡില്‍ നിന്നും മത്തിക്കരയിലുള്ള രാമയ്യ കോളേജില്‍ ആംബുലന്‍സെത്തി. ഹൃദയം തുന്നിപ്പിടിപ്പിച്ചയാള്‍ സുഖമായിരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ ്അറിയിച്ചു. മോഹന്‍കുമാറിന്റെ സംസ്‌കാരം വൈകിട്ട് ബെംഗളൂരുവില്‍ നടന്നു.