ചെന്നൈ: കേന്ദ്ര പരോക്ഷനികുതി- കസ്റ്റംസ് ബോർഡ്(സി.ബി.ഐ.സി.) അംഗമായി കോഴിക്കോട് സ്വദേശി അജിത്കുമാറിനെ കേന്ദ്രസർക്കാർ നിയമിച്ചു. 1984-ൽ കസ്റ്റംസിൽ ചേർന്ന അദ്ദേഹം കസ്റ്റംസ്, സെൻട്രൽ എക്സൈസ് വകുപ്പുകളിൽ വിവിധ തസ്തികകളിലും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്, നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ, ഡയറക്ടറേറ്റ് ഓഫ് സിസ്റ്റംസ് എന്നീ വകുപ്പുകളിലും സേവനമനുഷ്ഠിച്ചു. മികച്ച പ്രവർത്തനം കാഴ്ചവെച്ചതിന് 2005-ൽ രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ചു. കസ്റ്റംസ് ചെന്നൈ സോണിൽ ചീഫ് കമ്മിഷണറായി പ്രവർത്തിച്ചുവരികയായിരുന്നു. തമിഴ്‌നാട് ചേംബർ ഓഫ് കൊമേഴ്‌സിന്റെ എക്സിം സർവീസ് പുരസ്കാരം, സൗത്ത് ഈസ്റ്റ് എയർ കാർഗോ കോൺക്ലേവ് പുരസ്കാരം എന്നിവ ലഭിച്ചു. കോഴിക്കോട് അന്നശ്ശേരി മുറ്റോളി പരേതനായ മേജർ ഗോവിന്ദന്റെയും കുട്ടിമാളുവിന്റെയും മകനാണ്. സൈറയാണ് ഭാര്യ. കവിത, പ്രിയങ്ക എന്നിവർ മക്കളാണ്.