ന്യൂഡൽഹി: വിരമിച്ച ജഡ്‌ജി ബി. കെമാൽ പാഷയെ കത്തിലൂടെ വിമർശിച്ചതിന് അഭിഭാഷകനുനേരെ കോടതിയലക്ഷ്യക്കേസെടുത്ത കേരള ഹൈക്കോടതി നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. അഡ്വ. സാന്റി ജോർജാണ് സുപ്രീംകോടതിയിൽ പ്രത്യേകാനുമതി ഹർജി നൽകിയത്.
കെമാൽ പാഷ വിധിച്ച വധശിക്ഷകളൊന്നും മേൽക്കോടതി ശരിവെച്ചിട്ടില്ലെന്നും പ്രതികളെ ഒരുമാനദണ്ഡവുമില്ലാതെ ശിക്ഷിക്കുകയായിരുന്നെന്നും ആരോപിച്ച് സാന്റി ജോർജ് എഴുതിയ കത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
വിരമിച്ച ജഡ്‌ജിക്ക് അയച്ചത് സ്വകാര്യകത്താണെന്നും അതു കോടതിയുടെ പ്രവർത്തനത്തെയോ, നിയമം നടപ്പാക്കുന്നതിനെയോ ഒരുവിധത്തിലും ബാധിച്ചിട്ടില്ലെന്നും പ്രത്യേകാനുമതി ഹർജിയിൽ ചൂണ്ടിക്കാട്ടി. സംഭവത്തിൽ നിരുപാധികം മാപ്പുപറഞ്ഞ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയതാണ്. വിരമിച്ച ജഡ്‌ജിക്കെതിരേയുള്ള വിമർശനം കോടിതയലക്ഷ്യ നിയമത്തിന്റെ പരിധിയിൽവരില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.