മുംബൈ: കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് മഹാരാഷ്ട്ര സാഹിത്യ അക്കാദമി അവാർഡ് തിരിച്ചുനൽകുമെന്ന് ഉർദു പത്രപ്രവർത്തകയും എഴുത്തുകാരിയുമായ ഷിരിൻ ദാൽവി പ്രഖ്യാപിച്ചു. മനുഷ്യത്വഹീനമായ ഈ നിയമം ഇന്ത്യൻ ഭരണഘടനയ്ക്കും മതനിരപേക്ഷതയ്ക്കും നേരെയുള്ള കടന്നാക്രമണമാണെന്ന് ഷിരിൻ അഭിപ്രായപ്പെട്ടു. സാഹിത്യത്തിനു നൽകിയ സംഭാവനകൾ പരിഗണിച്ച് മഹാരാഷ്ട്ര രാജ്യ ഉർദു സാഹിത്യ അക്കാദമി 2011-ലാണ് ഷിരിന് പ്രത്യേക പുരസ്കാരം നൽകിയത്.
തന്റെ സമുദായത്തിന്റെ ആശങ്കകൾ പങ്കുവെക്കാനും മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും വേണ്ടി പോരാടുന്നവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനുംവേണ്ടിയാണ് പുരസ്കാരം തിരിച്ചുനൽകുന്നതെന്ന് ഷിരിൻ ദാൽവി പറഞ്ഞു. ഉർദു ദിനപത്രമായ അവധ്‌നാമയുടെ മുംബൈ എഡിഷന്റെ പത്രാധിപരായിരുന്നു ഷിരിൻ ദാൽവി. പൗരത്വബില്ലിൽ പ്രതിഷേധിച്ച് പുരസ്കാരം തിരിച്ചുനൽകുകയാണെന്ന് ഉർദു എഴുത്തുകാരനും വിവർത്തകനുമായ യാക്കൂബ് യവാറും അറിയിച്ചിട്ടണ്ട്. വിവർത്തനത്തിന് ഉത്തർ പ്രദേശ് സ്റ്റേറ്റ് ഉർദു അക്കാദമി നൽകിയ പുരസ്കാരമാണ് യാക്കൂബ് തിരിച്ചുനൽകുക. ബിൽ പാസാക്കിയതിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ ഐ.എ.എസ്. ഓഫീസർ അബ്ദുർ റഹ്മാൻ ചൊവ്വാഴ്ച രാജിവെച്ചിരുന്നു.