ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ നൽകിയ ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. തൃണമൂൽ കോൺഗ്രസ് എം.പി. മഹുവ മൊയ്‌ത്രയുടെ അപേക്ഷയാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് അടിയന്തരമായി കേൾക്കാനാവില്ലെന്ന് വ്യക്തമാക്കിയത്.
വെള്ളിയാഴ്ച മഹുവയുടെ അഭിഭാഷകൻ ഹർജിക്കാര്യം ബെഞ്ചിന്റെ ശ്രദ്ധയിൽപ്പെടുത്തി. വെള്ളിയാഴ്ചയോ അടുത്ത തിങ്കളാഴ്ചയോ ഹർജി പരിഗണിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു. വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ വിസമ്മതിച്ച ബെഞ്ച്, സുപ്രീംകോടതി രജിസ്ട്രാർമുമ്പാകെ ഹർജി നൽകാൻ നിർദേശിക്കുകയായിരുന്നു.
പാർലമെന്റ് പാസാക്കിയ ബില്ലിനു വ്യാഴാഴ്ച അർധരാത്രി രാഷ്ട്രപതി അംഗീകാരം നൽകിയിരുന്നു. പൗരത്വ ഭേദഗതിബില്ലിന്റെ നിയമസാധുത ചോദ്യംചെയ്താണു മഹുവ ഹർജി നൽകിയത്. നിയമം ഭരണഘടനാവിരുദ്ധമാണെന്നും രാജ്യത്തിന്റെ മതേതരത്വം ബലികഴിക്കുന്നതാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
ബില്ലിനെതിരേ മുസ്‌ലിംലീഗ് വ്യാഴാഴ്ച സുപ്രീംകോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.