റായ്‌പുർ: ബസ്തർമേഖയിലെ മാവോവാദി ഓപ്പറേഷന്റെ നേതാവ് രാവുലു ശ്രീനിവാസ എന്ന രാമണ്ണ കാട്ടിൽ മരിച്ചതായി വിവരം. ഛത്തീസ്ഗഢ് പോലീസ് ഇദ്ദേഹത്തിന് 40 ലക്ഷംരൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. ഹൃദയാഘാതത്തെത്തുടർന്നാണ് അറുപതിനോടടുത്ത് പ്രായമുള്ള രാമണ്ണയുടെ മരണമെന്നാണ് പോലീസ് വൃത്തങ്ങൾ അറിയിച്ചത്.
ബിജാപുർ ജില്ലയിലെ കാട്ടിൽ ഒരാഴ്ചമുന്പ് മരിച്ചെന്നാണ് വിവരം. മാവോവാദിസംഘടനകൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, മരണത്തിന് വ്യക്തമായ സൂചനകൾ ലഭിച്ചതായും കൃത്യമായ തെളിവുകൾക്കായി കാത്തിരിക്കയാണെന്നും ഉന്നതപോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
തെലങ്കാനയിലെ വാറങ്കൽ സ്വദേശിയായ രാമണ്ണ സി.പി.ഐ.(മാവോയിസ്റ്റ്) കേന്ദ്രകമ്മിറ്റി അംഗവും ദണ്ഡകാരണ്യ പ്രത്യേക മേഖലാകമ്മിറ്റിയുടെ സെക്രട്ടറിയുമാണ്. ഛത്തീസ്ഗഢിൽ സുരക്ഷാസേനയ്ക്കുനേരെയുണ്ടായ ഒട്ടേറെ ആക്രമണങ്ങൾക്ക് നേതൃത്വംനൽകിയത് രാമണ്ണയാണെന്ന് പോലീസ് പറഞ്ഞു.
രാമണ്ണയുടെ ഭാര്യ സാവിത്രി എന്ന സോധി ഇദ്മേയും മകൻ രഞ്ജിതും മാവോവാദി നേതാക്കളാണ്.