ന്യൂഡൽഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലാളികളുടെ കുറഞ്ഞ വേതനം 600 രൂപയായി വർധിപ്പിക്കണമെന്ന് രമ്യ ഹരിദാസ് ലോക്‌സഭയിലെ ശൂന്യവേളയിൽ ആവശ്യപ്പെട്ടു.
കേരളത്തിൽമാത്രം 25 ലക്ഷത്തിലേറെ പേരാണ് തൊഴിലുറപ്പുപദ്ധതിയിലുള്ളത്. ഇപ്പോൾ പ്രതിദിനം 271 രൂപയാണ് കൂലി. ഒാരോ വർഷവും കൂട്ടുന്നതാണ് പതിവെങ്കിലും കഴിഞ്ഞവർഷം കേരളത്തിൽ കൂലി വർധിപ്പിച്ചിട്ടില്ല. മൂന്നുമാസമായി കേരളത്തിലെ തൊഴിലാളികൾക്ക് കൂലി ലഭിക്കുന്നില്ല. നൂറ് തൊഴിൽദിനങ്ങൾ എന്നത് 250 തൊഴിൽദിനങ്ങളായി ഉയർത്തണം. തൊഴിലാളികൾക്ക് പ്രത്യേക ആരോഗ്യസുരക്ഷാപദ്ധതി ആരംഭിക്കണം. തൊഴിലുറപ്പ് തൊഴിലാളികളുടെ പിന്നാക്കാവസ്ഥ പരിഗണിച്ച് എ.എ.വൈ. റേഷൻ കാർഡ് അനുവദിക്കുകയും റേഷൻ സൗജന്യമായി നൽകുകയും വേണമെന്നും രമ്യ ഹരിദാസ് ആവശ്യപ്പെട്ടു.