ബെംഗളൂരു: ഉപതിരഞ്ഞെടുപ്പു ഫലത്തിലൂടെ ബൂക്കനക്കരെ സിദ്ധലിംഗപ്പ യെദ്യൂരപ്പ എന്ന ബി.എസ്. യെദ്യൂരപ്പ മുഖ്യമന്ത്രിക്കസേര ഉറപ്പിക്കുന്നതോടൊപ്പം കർണാടക ബി.ജെ.പി.യിലും സ്വാധീനം അരക്കിട്ടുറപ്പിക്കുകയാണ്. വടക്കൻ കർണാടകത്തിലെ ഏഴു സീറ്റിലും വിജയിച്ചതോടെ പ്രബലമായ ലിംഗായത്ത് സമുദായത്തിന്റെ നേതാവ് താനാണെന്ന് യെദ്യൂരപ്പ ഒരിക്കൽക്കൂടി ഉറപ്പിക്കുന്നു. യെദ്യൂരപ്പയുടെ വ്യക്തിപരമായ പോരാട്ടംകൂടിയായിരുന്നു ഉപതിരഞ്ഞെടുപ്പ്. കേന്ദ്രനേതാക്കളൊന്നും പ്രചാരണത്തിനെത്തിയില്ല. മുഴുവൻസമയവും മണ്ഡലങ്ങളിൽ യെദ്യൂരപ്പ വിശ്രമമില്ലാതെ പ്രചാരണത്തിനെത്തി. പാർട്ടിക്കുള്ളിൽ തനിക്കെതിരേയുള്ള നീക്കങ്ങൾക്ക് തടയിടാനും വിജയം യെദ്യൂരപ്പയ്ക്ക് സഹായകമായി.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 28 മണ്ഡലങ്ങളിൽ 25 എണ്ണത്തിലും ബി.ജെ.പി. വിജയിച്ചതോടെയാണ് യെദ്യൂരപ്പയെ വീണ്ടും മുഖ്യമന്ത്രിയാക്കാൻ കേന്ദ്രനേതൃത്വം തയ്യാറായത്. പ്രായംസംബന്ധിച്ച മാനദണ്ഡങ്ങൾ മറികടന്നാണ് കേന്ദ്രനേതൃത്വം ഇളവുനൽകിയത്. കോൺഗ്രസ്, ജെ.ഡി.എസ്. നിയമസഭാംഗങ്ങളെ രാജിവെപ്പിച്ച് സർക്കാരുണ്ടാക്കാനുള്ള യെദ്യൂരപ്പയുടെ നീക്കത്തിന് കേന്ദ്രനേതൃത്വം അനുമതി നൽകിയതിൽ ഒരുവിഭാഗത്തിന് എതിർപ്പുണ്ടായിരുന്നു. ഭൂരിപക്ഷമുണ്ടാക്കുമെന്ന യെദ്യൂരപ്പയുടെ ഉറപ്പിലാണ് മുഖ്യമന്ത്രിയാകാൻ അനുവാദം നൽകിയത്. എന്നാൽ, യെദ്യൂരപ്പയ്ക്ക് കടിഞ്ഞാണിടുന്നതിനുവേണ്ടി മൂന്ന് ഉപമുഖ്യമന്ത്രിമാരെ നിയോഗിച്ചു. യെദ്യൂരപ്പയുടെ നിർദേശം അവഗണിച്ച് ആർ.എസ്.എസ്. പിന്തുണയുള്ള നളിൻകുമാർ കട്ടീലിനെ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനുമാക്കി. ആർ.എസ്.എസ്. നേതാവ് ബി.എൽ. സന്തോഷ് ബി.ജെ.പി.യുടെ സംഘടനാച്ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറിയായതോടെ യെദ്യൂരപ്പയെ ഒതുക്കാനുള്ള നീക്കങ്ങൾ നടക്കുന്നെന്ന ആരോപണവും ശക്തമായി. ഉപതിരഞ്ഞെടുപ്പിൽ പാർട്ടി മേൽക്കൈ നേടിയില്ലെങ്കിൽ യെദ്യൂരപ്പയെ മാറ്റിനിർത്താനുള്ള പദ്ധതി ഒരുവിഭാഗത്തിനുണ്ടായിരുന്നു. ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യംവന്നാൽ, ഇടക്കാല തിരഞ്ഞെടുപ്പിൽ യെദ്യൂരപ്പയെ മുഖ്യമന്ത്രിസ്ഥാനാർഥിയാക്കില്ലെന്നും വാർത്തവന്നു. ഇതെല്ലാം മുന്നിൽക്കണ്ട് സർവസന്നാഹവും ഉപയോഗിച്ചാണ് യെദ്യൂരപ്പ പോരാട്ടത്തിനിറങ്ങിയത്.
മഹാരാഷ്ട്രയിൽ നടത്തിയ രാഷ്ട്രീയനീക്കം പരാജയപ്പെട്ടതിലുള്ള മാനക്കേട് ഇതിലൂടെ മറികടക്കാൻ കഴിഞ്ഞുവെന്ന ആശ്വാസത്തിലാണ് ബി.ജെ.പി. നേതൃത്വം. അതിനാൽ കേന്ദ്രനേതൃത്വം യെദ്യൂരപ്പയെ ഇനി അത്രവേഗം കൈയൊഴിയില്ല. യെദ്യൂരപ്പയെ മാറ്റിനിർത്തിയപ്പോൾ കർണാടകത്തിൽ ബി.ജെ.പി.ക്ക് കൈപൊള്ളിയ അനുഭവമാണുള്ളത്. കർണാടക ബി.ജെ.പി.യിലെ തന്ത്രശാലി താനാണെന്ന്് യെദ്യൂരപ്പ ഒന്നുകൂടി തെളിയിച്ചിരിക്കുകയാണ്. സഖ്യസർക്കാരിനെ വീഴ്ത്തുന്നതിലും കോൺഗ്രസ്-ജെ.ഡി.എസ്. വിമതരെ ബി.ജെ.പി.യിലെത്തിക്കുന്നതിനും നേതൃത്വം നൽകിയത് യെദ്യൂരപ്പയാണ്. മത്സരിക്കുന്നവർ ഭാവിമന്ത്രിമാരാണെന്ന യെദ്യൂരപ്പയുടെ പ്രഖ്യാപനവും പരസ്യമായി ജാതിപിന്തുണ തേടിയതും വിജയത്തിന് സഹായകരമായെന്നാണ് വിലയിരുത്തൽ. ലിംഗായത്തിന് മുഖ്യമന്ത്രിപദവി നഷ്ടമാകുമെന്ന് ഓർമപ്പെടുത്തി നടത്തിയ ‘സമുദായ കാർഡ്’ വിജയംകണ്ടു. തിരഞ്ഞെടുപ്പുവിജയത്തിലൂടെ ദക്ഷിണേന്ത്യയിൽ ആദ്യമായി താമരവിരിയിപ്പിച്ച യെദ്യൂരപ്പ പാർട്ടിയിലും മേധാവിത്വം ഉറപ്പിക്കുകയാണ്.