ന്യൂഡല്‍ഹി: വിവിധ പൊതുമേഖലാസ്ഥാപനങ്ങളിലും സ്വകാര്യമേഖലകളിലും ജോലിചെയ്യുന്ന മൂന്നാംകക്ഷി കരാര്‍ത്തൊഴിലാളികളെ ഇ.എസ്.ഐ. ചികിത്സാ ആനുകൂല്യത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ വ്യാഴാഴ്ചചേര്‍ന്ന ഇ.എസ്.ഐ. ബോര്‍ഡ് യോഗം തീരുമാനിച്ചു.
സ്ഥാപനവുമായി ഒരു ബന്ധവുമില്ലാതെ, കരാറുകാരനുകീഴില്‍ കരാറടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവരാണ് മൂന്നാംകക്ഷി കരാര്‍ത്തൊഴിലാളികള്‍. ഈ വിഭാഗത്തില്‍ രാജ്യമൊട്ടുക്കും അഞ്ചുലക്ഷം പേരുണ്ടെന്നാണ് കണക്ക്. ഭൂരിഭാഗവും ഖനികളിലും ചണമില്ലുകളിലുമാണുള്ളത്. കൂടുതലും ഏറ്റവും താഴെക്കിടയിലുള്ള ജോലിക്കാരാണ്. കേരളത്തില്‍ കെ.എസ്.ഇ.ബി.യില്‍മാത്രം എണ്ണായിരത്തോളം പേരുണ്ട്. പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പ്രചാരണം നടത്തി താഴെത്തട്ടിലുള്ള തൊഴിലാളികളെ ഇ.എസ്.ഐ.യില്‍ ചേര്‍ക്കുമെന്ന്്് കോര്‍പ്പറേഷന്‍ ബോര്‍ഡ് അംഗം വി. രാധാകൃഷ്ണന്‍ പറഞ്ഞു.
ഇ.എസ്.ഐ. പ്രകാരമുള്ള ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കാന്‍ ജില്ലാതലങ്ങളില്‍ മേല്‍നോട്ടസമിതി രൂപവത്കരിക്കാന്‍ യോഗം തീരുമാനിച്ചു. ഇ.എസ്.ഐ. ആനുകൂല്യത്തിനുള്ള പ്രൈമറി, സെക്കന്‍ഡറി ചികിത്സാസൗകര്യങ്ങള്‍ ഇപ്പോള്‍ നല്‍കുന്നത് അതത് സംസ്ഥാനസര്‍ക്കാരുകളാണ്. പലയിടങ്ങളിലും അത് ഫലപ്രദമല്ലെന്നാണ് വിലയിരുത്തല്‍. അതിനാല്‍ സംസ്ഥാനങ്ങളുടെ ഈ രംഗത്തെ നടത്തിപ്പ് പുനഃപരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.