ന്യൂഡൽഹി: മുൻധനമന്ത്രി പി. ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം നൽകിയത് സത്യത്തിന്റെ വിജയമാണെന്ന് കോൺഗ്രസ്. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പാർട്ടിയുടെ പ്രതികരണം. ഒട്ടേറെ കോൺഗ്രസ് നേതാക്കളും ജാമ്യം നൽകിയതിനെ സ്വാഗതംചെയ്ത് രംഗത്തെത്തി.
ചിദംബരത്തെ നൂറുദിവസത്തിലധികം തടവിലിട്ടത് രാഷ്ട്രീയപകപോക്കലാണെന്നും വിചാരണയിൽ നിരപരാധിത്വം തെളിയിക്കാനാകുമെന്നും രാഹുൽഗാന്ധി അഭിപ്രായപ്പെട്ടു. അച്ഛനെ ആവശ്യമില്ലാതെ തടവിലിടുകയായിരുന്നെന്ന് ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം അഭിപ്രായപ്പെട്ടു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ചിദംബരം പാർലമെന്റിൽ സംസാരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വൈകിയ നീതിയെന്നാൽ നിഷേധിക്കപ്പെട്ട നീതിയാണെന്ന് ശശി തരൂരും പ്രതികാരരാഷ്ട്രീയം ജനാധിപത്യത്തിനു ഭീഷണിയാണെന്ന് ലോക്സഭയിലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയും പ്രതികരിച്ചു.
അതേസമയം, ജാമ്യത്തിലിറങ്ങിയവരുടെ ക്ലബ്ബിൽ ചിദംബരവും ചേർന്നതായി ബി.ജെ.പി. ദേശീയ വക്താവ് സംബിത് പത്ര പരിഹസിച്ചു. സോണിയാഗാന്ധി ഉൾപ്പെടെയുള്ള ആറുനേതാക്കളുടെ പട്ടിക സഹിതമായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. തങ്ങളൊരിക്കലും പ്രതികാരരാഷ്ട്രീയം കളിച്ചിട്ടില്ലെന്നും എന്നാൽ, ചിദംബരം കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ തനിക്കും നരേന്ദ്രമോദിക്കും അമിത് ഷായ്ക്കുമെതിരേ കള്ളക്കേസുകൾ എടുത്തിരുന്നെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പ്രതികരിച്ചു.