മുംബൈ: ബുള്ളറ്റ് ട്രെയിൻ അടക്കം മുൻസർക്കാരിന്റെ പല പദ്ധതികളും പുനരവലോകനംചെയ്യുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചു. ബുള്ളറ്റ് ട്രെയിൻ പദ്ധതിയടക്കം പലപദ്ധതികൾക്കും സംസ്ഥാനത്തെ കർഷകരും ആദിവാസികളും എതിർപ്പുപ്രകടിപ്പിച്ചിരുന്നു.
ഈ സർക്കാർ സാധാരണ ജനങ്ങൾക്കൊപ്പമാണ്. അതിനാൽ ജനങ്ങളുടെ എതിർപ്പുള്ള എല്ലാപദ്ധതികളും പുനരവലോകനം ചെയ്യേണ്ടിയിരിക്കുന്നു. ആരെ കോളനിയിൽ മെട്രോ കാർ ഷെഡ് പണി നിർത്തിവെച്ചതുപോലെ ബുള്ളറ്റ് ട്രെയിൻ പദ്ധതി നിർത്തിവെക്കാൻ തുനിയില്ല. എന്നാൽ, അതു പരിശോധിക്കേണ്ടതുണ്ട് -മാധ്യമപ്രവർത്തകരോടായി ഉദ്ധവ് താക്കറെ പറഞ്ഞു.
സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. സംസ്ഥാനം ഇപ്പോൾ അഞ്ചുലക്ഷം കോടിയുടെ കടത്തിലാണ്. ഇതൊന്നും കർഷകരുടെ വായ്പ എഴുതിത്തള്ളുന്നതിന് പ്രശ്നമാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ബുള്ളറ്റ് ട്രെയിൻ പദ്ധതികൂടാതെ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ മുംബൈ-നാഗ്പുർ എക്സ്പ്രസ് വേ, മുംബൈ-പുണെ ഹൈപ്പർലൂപ്പ് പദ്ധതി എന്നിവയൊക്കെ പുനരവലോകനത്തിന് വിധേയമാക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നപദ്ധതിയാണ് ബുള്ളറ്റ് ട്രെയിൻ. 1.08 ലക്ഷം കോടിയുടെ ഈ പദ്ധതിക്കായി ദേവേന്ദ്ര ഫഡ്നവിസ് സർക്കാർ 5000 കോടി രൂപ നൽകാമെന്ന് നേരത്തേ പറഞ്ഞിരുന്നു. എന്നാൽ, ഈ പണം സംസ്ഥാനസർക്കാർ നൽകില്ലെന്ന് കഴിഞ്ഞദിവസം ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞിരുന്നു. പ്രളയത്തിൽ കൃഷിനാശം നേരിട്ട കർഷകരെ സഹായിക്കാനായിരിക്കും ഈ പണം ഉപയോഗിക്കുക എന്നുകൂടി അദ്ദേഹം പറഞ്ഞിരുന്നു.
2017 സെപ്റ്റംബറിലാണ് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങ് നിർവഹിച്ചത്. മുംബൈയിൽനിന്ന് അഹമ്മദാബാദ് വരെയുള്ള 508 കിലോമീറ്റർ പാതയിലൂടെ 2023-ൽ ബുള്ളറ്റ് ട്രെയിൻ ഓടിക്കാനായിരുന്നു പരിപാടി.