ബെംഗളൂരു: വിദ്യാർഥിനി പാമ്പുകടിയേറ്റുമരിച്ച വയനാട് സുൽത്താൻ ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ നവീകരിക്കാൻ തയ്യാറാണെന്ന് പൂർവവിദ്യാർഥികൂടിയായ ഡോ. ഐസക് മത്തായി നൂറനാൽ. സ്കൂളിലെ ക്ലാസ് മുറികളും വരാന്തയും ടൈൽ പാകി നവീകരിക്കാമെന്നുകാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
കരാറുകാരൻ സ്കൂൾ പരിശോധിച്ചതിൽ ആറ് ക്ലാസ് മുറിയടക്കം 4000 ചതുരശ്ര അടി സ്ഥലം ടൈൽസ് പതിക്കാനുണ്ട്. ഇതിനായി ആറുലക്ഷം രൂപ ചെലവാകും. സ്കൂളിൽ പെയിന്റിങ് നടത്താനും തയ്യാറാണെന്ന് ഡോ. ഐസക് മത്തായി അറിയിച്ചിട്ടുണ്ട്. അനുമതി ലഭിച്ചയുടനെ നവീകരണപ്രവർത്തി തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. ക്ലാസ് മുറിക്കുള്ളിൽ വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ചസംഭവത്തിൽ അധ്യാപകരുടെയും ഡോക്ടർമാരുടെയും ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബെംഗളൂരു വൈറ്റ് ഫീൽഡിലെ സൗഖ്യ ഇന്റർനാഷണൽ ഹോളിസ്റ്റിക് ഹെൽത്ത് സെന്റർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമാണ് ഡോ. ഐസക് മത്തായി നൂറനാൽ.
1970-കളിലാണ് ഡോ. ഐസക് മത്തായി ഗവ. സർവജന ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ചത്. സഹോദരനും ഐ.പി.എസ്. ഉദ്യോഗസ്ഥനുമായ എബ്രഹാം മാത്യു നൂറനാലും ഇതേ സ്കൂളിലാണ് പഠിച്ചത്. അദ്ദേഹം ഇപ്പോൾ യു.എൻ. മനുഷ്യാവകാശ കമ്മിഷനിൽ ആഗോളസുരക്ഷാവിഭാഗം മേധാവിയാണ്.
സ്കൂൾ സന്ദർശിക്കുമെന്നും ആവശ്യമെങ്കിൽ മറ്റു സഹായങ്ങൾ നൽകാൻ തയ്യാറാണെന്നും ഡോ. ഐസക് മത്തായി നൂറനാൽ പറഞ്ഞു. തങ്ങൾ പഠിക്കുന്ന കാലത്ത് ക്ലാസ് മുറികളിൽ ചെരിപ്പ് ഉപയോഗിക്കരുതെന്ന നിബന്ധനയൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.