ബെംഗളൂരു: ഭൗമനിരീക്ഷണത്തിന് അത്യാധുനിക ചിത്രീകരണസംവിധാനങ്ങളുള്ള കാർട്ടോസാറ്റ്-മൂന്നിന്റെ വിക്ഷേപണം നവംബർ 27-ലേക്ക് മാറ്റി. 27-നു രാവിലെ 9.28-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന് കാർട്ടോസാറ്റ് -മൂന്ന് വഹിച്ചുള്ള പി.എസ്.എൽ.വി.-സി 47 റോക്കറ്റിന്റെ വിക്ഷേപണം നടത്തുമെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ.) അറിയിച്ചു.
കാലാവസ്ഥ അനുകൂലമാണെങ്കിൽ നവംബർ 25-നു രാവിലെ 9.28-ന് വിക്ഷേപണം നടത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. വിക്ഷേപണം നീട്ടിവെച്ചതിന്റെ കാരണം ഐ.എസ്.ആർ.ഒ. ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല.
ഭൂമിയുടെ കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങൾ പകർത്താൻ ശേഷിയുള്ള മൂന്നാം തലമുറയിൽപ്പെട്ട അത്യാധുനിക ഉപഗ്രഹമായ കാർട്ടോസാറ്റ്- മൂന്നിനെ ഭൂമിയിൽനിന്ന് 509 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ് എത്തിക്കുന്നത്.
സ്ഥലങ്ങളുടെ ഭൂപടങ്ങൾ കൃത്യമായി എടുക്കാൻ കഴിയുന്നതിനാൽ കാലാവസ്ഥാ മാപ്പിങ്, ഭൂപടങ്ങളെക്കുറിച്ചുള്ള പഠനം എന്നിവയ്ക്ക് ഉപഗ്രഹം സഹായിക്കും. കാർട്ടോസാറ്റ്- മൂന്നിനൊപ്പം, വാണിജ്യാവശ്യങ്ങൾക്കുള്ള അമേരിക്കയുടെ 13 ചെറു ഉപഗ്രഹങ്ങളും ഭൂമിയുടെ ഭ്രമണപഥത്തിലെത്തിക്കും. ബഹിരാകാശ വകുപ്പിനുകീഴിലെ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡുമായുള്ള ധാരണപ്രകാരമാണ് അമേരിക്കയിൽനിന്നുള്ള 13 ചെറു ഉപഗ്രഹങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ വിക്ഷേപിക്കുന്നത്. വിക്ഷേപണം നേരിട്ടു കാണാനുള്ള രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്.