ബെംഗളൂരു: മംഗളൂരു ഡിവൈ.എസ്.പി. എം.കെ. ഗണപതിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ കർണാടകത്തിലെ മുൻമന്ത്രിയും മലയാളിയുമായ കെ.ജെ. ജോർജിനും രണ്ടു മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥർക്കും സി.ബി.ഐ. വിടുതൽ നൽകി. ഗണപതിയുടെ മരണം ആത്മഹത്യയാണെന്നും അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കെ.ജെ. ജോർജ്, ഐ.പി.എസ്. ഉദ്യോഗസ്ഥരായ പ്രണബ് മൊഹന്ദി, എ.എം. പ്രസാദ് എന്നിവർക്ക് മരണത്തിൽ പങ്കില്ലെന്നുമാണ് സി.ബി.ഐ.യുടെ കണ്ടെത്തൽ. മടിക്കേരി കോടതിയിൽ സമർപ്പിച്ച 260 പേജുകളുള്ള അന്തിമ റിപ്പോർട്ട് കോടതി സ്വീകരിച്ചു.
2016 ജൂലായ് ഏഴിനാണ് മടിക്കേരിയിലെ ലോഡ്ജിൽ ഗണപതിയെ മരിച്ചനിലയിൽ കണ്ടത്. കെ.ജെ. ജോർജും മുതിർന്ന പോലീസുദ്യോഗസ്ഥരും പീഡിപ്പിക്കുന്നതായി സ്വകാര്യ ടെലിവിഷൻ ചാനലിൽ വെളിപ്പെടുത്തിയതിനുശേഷം തൂങ്ങിമരിക്കുകയായിരുന്നു.
മൂന്നുപേരും പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചുള്ള ആത്മഹത്യക്കുറിപ്പുകളും ഗണപതി എഴുതിയിരുന്നു. എന്നാൽ, വ്യക്തിജീവിതത്തിലെ പ്രശ്നങ്ങൾകാരണം ഗണപതി സമ്മർദത്തിലായിരുന്നുവെന്നാണ് സി.ബി.ഐ. ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. ഇതാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. 2017-ൽ കേസ് അന്വേഷിച്ച സി.ഐ.ഡി.യും കെ.ജെ. ജോർജിനു വിടുതൽ നൽകിയിരുന്നു. ഇതേത്തുടർന്ന് ഗണപതിയുടെ മകൻ നെഹൽ കോടതിയെ സമീപിച്ച് സി.ബി.ഐ. അന്വേഷണത്തിന് ആവശ്യപ്പെടുകയായിരുന്നു. 2017 സെപ്റ്റംബറിലാണ് സുപ്രീംകോടതി സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടത്.
മരണത്തിനുകാരണം കെ.ജെ. ജോർജാണെന്ന് ആരോപിച്ച് ഗണപതിയുടെ ഭാര്യ പാവനയും അച്ഛൻ കുശാലപ്പയും സഹോദരൻ മച്ചയ്യയും രംഗത്തെത്തിയിരുന്നു. 2008-ലെ മംഗളൂരു പള്ളി ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തതിന് ജോർജ് പ്രതികാരം ചെയ്യുകയായിരുന്നുവെന്നായിരുന്നു കുടുംബാംഗങ്ങളുടെ ആരോപണം. ഗണപതിയുടെ മരണത്തിൽ ആരോപണമുയർന്നതിനെത്തുടർന്ന് കെ.ജെ. ജോർജിന് മന്ത്രിസ്ഥാനം നഷ്ടമായി. പിന്നീട് സി.ഐ.ഡി. കുറ്റവിമുക്തനാക്കിയപ്പോൾ മന്ത്രിസഭയിൽ തിരിച്ചെത്തിയിരുന്നു.