ബെംഗളൂരു: ബന്ദിപ്പൂർ വഴിയുള്ള ദേശീയപാതയിൽ രാത്രിയാത്രാനിരോധനത്തെ പിന്തുണച്ച് ദേശീയ കടുവസംരക്ഷണ അതോറിറ്റിയും. കുട്ട, ഗോണിക്കുപ്പ വഴിയുള്ള ബദൽപാതയുടെ നിലവാരം മെച്ചപ്പെടുത്തണമെന്നും ബന്ദിപ്പൂർ വഴിയുള്ള പാതയിലെ യാത്രാനിരോധനം തുടരണമെന്നുമാണ് അതോറിറ്റിയുടെ വാദം. ഇക്കാര്യം വ്യക്തമാക്കി സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കും. സുപ്രീംകോടതി നിർദേശത്തെത്തുടർന്ന് ബദൽപാതയുടെ സാധ്യത പരിശോധിക്കുന്നതിന് ദേശീയ കടുവസംരക്ഷണ അതോറിറ്റി, ദേശീയപാത അതോറിറ്റി, പരിസ്ഥിതി, വനംവകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം ദേശീയപാത 212 കടന്നുപോകുന്ന സ്ഥലങ്ങളിൽ സെപ്റ്റംബറിൽ സർവേ നടത്തിയിരുന്നു. തുടർന്ന് തയ്യാറാക്കിയ റിപ്പോർട്ടാണ് സുപ്രീംകോടതിയിൽ സത്യവാങ്മൂലമായി സമർപ്പിക്കുന്നത്.
കുട്ട-ഗോണിക്കുപ്പ-മാനന്തവാടി ബദൽപാത ദേശീയ പാതയുടെ നിലവാരത്തിലേക്ക് ഉയർത്തണമെന്നാണ് ആവശ്യം. എന്നാൽ, ബദൽപാത കടന്നുപോകുന്നതും വന്യമൃഗസംരക്ഷണ കേന്ദ്രത്തിലൂടെയായതിനാൽ സ്ഥലമേറ്റെടുത്തുള്ള വിപുലീകരണം നടത്തരുതെന്നും റിപ്പോർട്ടിലുണ്ട്. ബദൽപാതയിലും രാത്രിയിൽ ചില നിയന്ത്രണങ്ങൾ ആവശ്യമാണെന്നും പറയുന്നു. ഇതിന് കർണാടക വനംവകുപ്പും പിന്തുണനൽകി. ബന്ദിപ്പൂർവഴി വാഹനഗതാഗതം പൂർണമായും നിരോധിക്കണമെന്ന നിലപാടാണ് കർണാടക വനം വകുപ്പിനുള്ളത്. വന്യമൃഗസംരക്ഷണ കേന്ദ്രങ്ങൾക്കുള്ളിലൂടെയുള്ള പാതയിൽ വാഹനഗതാഗതം നിരോധിച്ച് ബദൽസംവിധാനം ഏർപ്പെടുത്തണമെന്നായിരുന്നു കർണാടക വനം വകുപ്പിന്റെ ആവശ്യം. ദേശീയ കടുവസംരക്ഷണ അതോറിറ്റി തിങ്കളാഴ്ച സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചേക്കും.
ദേശീയപാത 212 കടന്നുപോകുന്ന ബന്ദിപ്പൂർമേഖല കടുവസംരക്ഷണ കേന്ദ്രമാണെന്നും ഇതിലൂടെ രാത്രിയാത്ര അനുവദിക്കാൻ കഴിയില്ലെന്നുമാണ് അതോറിറ്റിയുടെ റിപ്പോർട്ടിലുള്ളതെന്നാണ് അറിയുന്നത്. ദേശീയപാത 212-ലെ രാത്രിയാത്രാ നിരോധനം മറികടക്കാൻ ബദൽപാതയെ പിന്തുണച്ച് കേന്ദ്രസർക്കാർ കഴിഞ്ഞദിവസം സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.