ന്യൂഡൽഹി: ജമ്മുകശ്മീരിനു പ്രത്യേകപദവി നൽകിയിരുന്ന ഭരണഘടനാനുച്ഛേദം 370-ലെ വ്യവസ്ഥകൾ റദ്ദാക്കിയതിനെതിരായ ഹർജികളിൽ വാദംകേൾക്കുന്നത് സുപ്രീംകോടതി ഡിസംബർ 10-ലേക്കു മാറ്റി. ജസ്റ്റിസുമാരായ എൻ.വി. രമണ, ആർ. സുഭാഷ് റെഡ്ഡി, ബി.ആർ. ഗവായ്, സൂര്യ കാന്ത് എന്നിവരുൾപ്പെട്ട ഭരണഘടനാബെഞ്ചിന്റേതാണ് തീരുമാനം.
കേസ് വ്യാഴാഴ്ച വാദത്തിനെടുത്തപ്പോൾ ഹർജിക്കാരും സർക്കാരും ഹാജരാക്കിയ രേഖകളെല്ലാം സമാഹരിക്കേണ്ടതുണ്ടെന്ന് ബെഞ്ച് നിരീക്ഷിച്ചു. വ്യാഴാഴ്ച ലഭിച്ച രണ്ടെണ്ണമുൾപ്പെടെ ഇരുപതിലേറെ ഹർജികളാണ് ഇതുസംബന്ധിച്ച് സുപ്രീംകോടതിയിലുള്ളത്. അതിനാൽ, ഇവയെല്ലാം ഒന്നിച്ചാക്കാൻ കുറച്ചുസമയംകൂടി വേണമെന്ന അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചു.
ഇതിനായി ഇരുഭാഗത്തും ഓരോ അഭിഭാഷകരെ നാമനിർദേശം ചെയ്തു. ഹർജിക്കാർക്കായി അഡ്വ. എസ്. പ്രസന്നയെയും വാദിഭാഗത്തിനായി അഡ്വ. അങ്കുർ തൽവാറിനെയുമാണ് നിർദേശിച്ചത്. ഈ മാസം 22-നുമുമ്പ് പ്രതികരണം അറിയിക്കണമെന്ന് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ഡിസംബർ പത്തിനാണ് അടുത്തവാദം.