ബെംഗളൂരു: കർണാടക പ്രീമിയർ ലീഗ്(കെ.പി.എൽ.) വാതുവെപ്പുകേസിൽ കുപ്രസിദ്ധ വാതുവെപ്പുകാരൻ ഹരിയാണ സ്വദേശി സയ്യമിനെ സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി.) അറസ്റ്റ് ചെയ്തു. ഞായറാഴ്ച ബെംഗളൂരുവിലാണ് സി.സി.ബി. എ.സി.പി. എസ്.എം. നാഗരാജും സംഘവും അറസ്റ്റ് നടത്തിയത്.
കോടതിയിൽ ഹാജരാക്കിയ ഇയാളെ ഒമ്പതുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. പണമോ മറ്റു വിലപിടിപ്പുള്ള വസ്തുക്കളോ കണ്ടെത്തിയിട്ടില്ലെന്ന് എ.സി.പി. അറിയിച്ചു. വിദേശത്തായിരുന്ന സയ്യമിനെതിരേ അന്വേഷണസംഘം തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്ത്യയിൽ തിരിച്ചെത്തിയ ഉടനെ പിടികൂടി. പ്രശസ്ത ഡ്രമ്മർ ഭവേഷ് ബഫ്നവഴി ബല്ലാരി ടസ്കേഴ്സിന്റെ ബൗളർ ഭവേഷ് ഗുലേച്ചയെ സ്വാധീനിക്കാൻ സയ്യാം ശ്രമിച്ചിരുന്നുവെന്നാണ് കണ്ടെത്തൽ.