ബെംഗളൂരു: മുൻപ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെപേരിൽ സാമൂഹികമാധ്യമത്തിൽ പരാമർശം നടത്തിയ യുവാവിനു മുൻകൂർ ജാമ്യം ലഭിച്ചിട്ടും അറസ്റ്റുചെയ്ത സംഭവത്തിൽ കർണാടക സർക്കാരിന് ഒരു ലക്ഷംരൂപ പിഴയിട്ട് ഹൈക്കോടതി.

യുവാവിനെതിരേ രണ്ടാമതും കേസെടുത്ത പോലീസ് ഉദ്യോഗസ്ഥനും മജിസ്‌ട്രേറ്റിനുമെതിരേ അന്വേഷണത്തിനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ’ട്രോൾ മഗ’ ഫേസ്ബുക്ക് പേജ് അഡ്മിൻ എസ്. ജയകാന്തിനെയാണ് അപകീർത്തിക്കേസിൽ മുൻകൂർ ജാമ്യം ലഭിച്ചിട്ടും ശ്രീരാംപുര പോലീസ് അറസ്റ്റുചെയ്തത്. ഇതിനെതിരേ ജയകാന്തിന്റെ അഭിഭാഷകൻ നൽകിയ ഹർജിയിലാണ് കോടതിയുത്തരവ്.

പോലീസ് നടപടി അനധികൃതമാണെന്നും ഒരു മാസത്തിനുള്ളിൽ ഒരു ലക്ഷം രൂപ യുവാവിന് നൽകണമെന്നും ജസ്റ്റിസ് പി.എസ്. ദിനേശ് കുമാർ ഉത്തരവിട്ടു. രണ്ടാമതും കേസ് രജിസ്റ്റർചെയ്ത പോലീസുകാർക്കെതിരേ വകുപ്പുതല അന്വേഷണം നടത്താൻ ഡി.ജി.പി.ക്ക് നിർദേശം നൽകി.

മേയ് 26-ന് ദേവഗൗഡയ്ക്കും കുടുംബാംഗങ്ങൾക്കുംനേരെ ഫേസ്ബുക്കിൽ പരാമർശം നടത്തിയതിന് ജയകാന്തിനെതിരേ ശ്രീരാംപുര പോലീസ് കേസെടുത്തിരുന്നു. ഇതേത്തുടർന്ന് സെഷൻസ് കോടതിയെ സമീപിച്ച് ജയകാന്ത് ജൂൺ 10-ന് മുൻകൂർ ജാമ്യം നേടി. ജാമ്യത്തുക കെട്ടിവെയ്ക്കാൻ പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ പോലീസ് സമ്മതിച്ചില്ല. തുടർന്ന് രണ്ടാമതും കേസെടുത്തശേഷം അറസ്റ്റുചെയ്യുകയായിരുന്നു.