ന്യൂഡൽഹി: കേരളത്തിൽ മഴക്കെടുതിയുണ്ടായ സ്ഥലങ്ങൾ സന്ദർശിക്കാൻ കേന്ദ്രസംഘമെത്തും. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ സംസ്ഥാന സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രനെ അറിയിച്ചതാണ് ഇക്കാര്യം. ഇതിന്റെ തീയതി നിശ്ചയിച്ചിട്ടില്ല. സന്ദർശനവേളയിൽ സംസ്ഥാനം നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നൽകേണ്ട സഹായത്തെക്കുറിച്ച്‌ കേന്ദ്രം തീരുമാനമെടുക്കുക.

വാണിജ്യ ബാങ്കുകളുടേതിനു സമാനമായി സഹകരണബാങ്കുകളിൽനിന്നും സംഘങ്ങളിൽനിന്നും വരുമാനനികുതി ഈടാക്കാനുള്ള ആദായനികുതിവകുപ്പിന്റെ നടപടിയിലുള്ള ആശങ്ക കേന്ദ്രമന്ത്രിയെ സഹകരണമന്ത്രി അറിയിച്ചു. വൻതുക പിഴചുമത്തുമെന്ന് ആദായനികുതിവകുപ്പ് സഹകരണ ബാങ്കുകളെ ഭീഷണിപ്പെടുത്തുകയാണ്. വാണിജ്യബാങ്കുകളെ അപേക്ഷിച്ച് വരുമാനം കുറവാണ് സഹകരണ ബാങ്കുകൾക്ക്. സഹകരണ ആശുപത്രികൾ 30 ശതമാനം ആദായനികുതി നൽകണമെന്ന നിബന്ധന അന്യായമാണെന്നും കേന്ദ്രത്തെ അറിയിച്ചു. ഇക്കാര്യങ്ങൾ ധനമന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്ന് കൃഷിമന്ത്രി വ്യക്തമാക്കി.

മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ നടത്തുന്ന കൊള്ളയെക്കുറിച്ച് കേന്ദ്രത്തെ സംസ്ഥാനം അറിയിച്ചു. ഇക്കാര്യത്തിൽ നിയമഭേദഗതി കൊണ്ടുവരാനുള്ള നിർദേശം കേന്ദ്രമന്ത്രി ഉദ്യോഗസ്ഥർക്കു നൽകിയതായി മന്ത്രി പറഞ്ഞു. കേന്ദ്ര ഏജൻസിയായ നാഷണൽ കോ-ഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ (എൻ.സി.ഡി.സി.) അനുവദിക്കുന്ന വായ്പയുടെ പലിശനിരക്ക് 12.75-ൽനിന്ന് പരമാവധി ഒമ്പതു ശതമാനമാക്കി കുറയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ എൻ.സി.ഡി.സി.യുമായി ചർച്ചനടത്താൻ കേന്ദ്രമന്ത്രി ഉദ്യോഗസ്ഥരോടു നിർദേശിച്ചു.