മുംബൈ: കോൺഗ്രസും എൻ.സി.പി.യും വളർത്തിയെടുത്ത നേതാക്കളെ റെഡിമെയ്ഡ് വസ്ത്രങ്ങൾ പോലെ ബി.ജെ.പി. വിലയ്ക്കു വാങ്ങുകയാണെന്ന് എൻ.സി.പി. നേതാവ് ജയന്ത് പാട്ടീൽ കുറ്റപ്പെടുത്തി. അതുവഴി ബി.ജെ.പി. കോൺഗ്രസ്‌വത്‌കരിക്കപ്പെടുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുംബൈയിൽ എൻ.സി.പി. സംസ്ഥാന നേതാക്കളുടെ യോഗത്തിനിടയിലായിരുന്നു പാട്ടീലിന്റെ പരാമർശം. യോഗത്തിനെത്തിയിട്ടില്ലാത്ത നേതാക്കൾ ബി.ജെ.പി.യിലേക്കും ശിവസേനയിലേക്കും ചാടാനൊരുങ്ങുകയാണെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടയിലാണ് പാട്ടീൽ മനസ്സു തുറന്നത്.
എൻ.സി.പി.യും കോൺഗ്രസും വളർത്തിയെടുത്ത നേതാക്കളെയാണ് നിയമസഭാതിരഞ്ഞെടുപ്പു ലക്ഷ്യംവെച്ച് ബി.ജെ.പി. വിലയ്ക്കു വാങ്ങുന്നത്. മറ്റാരോ തുന്നിവെച്ച റെഡിമെയ്ഡ് വസ്ത്രങ്ങൾ വിലയ്ക്കു വാങ്ങുന്നതിനുപകരം സ്വന്തമായി നേതാക്കളെ വളർത്തിയെടുക്കാൻ ബി.ജെ.പി. ശ്രമിക്കണം. സ്വന്തം പ്രവർത്തകർക്ക് അവർ അവസരം നൽകണം. അവർക്കു വിശ്വാസ്യതയില്ലാത്തതുകൊണ്ടാണോ ബി.ജെ.പി. മറ്റു പാർട്ടികളിലെ നേതാക്കളിൽ കണ്ണുവെക്കുന്നത്? -പാട്ടീൽ ചോദിച്ചു. സോളാപ്പുരിലെ ബർഷിയിൽനിന്നുള്ള ദിലീപ് സോപാൽ എം.എൽ.എ. അടക്കം ഏതാനും പ്രമുഖ നേതാക്കൾ ഞായറാഴ്ചത്തെ യോഗത്തിൽനിന്നു വിട്ടുനിന്നു. സോപാൽ സ്വന്തം മണ്ഡലത്തിൽ പാർട്ടിപ്രവർത്തകരുടെ യോഗം വിളിക്കുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാര്യങ്ങൾ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചതെന്നും വേറെ ഏതെങ്കിലും പാർട്ടിയിലേക്ക് പോകുന്നതിന്റെ ഭാഗമല്ല അതെന്നുമാണ് അദ്ദേഹം പറയുന്നത്.