ന്യൂഡൽഹി: ജമ്മുകശ്മീരിന്റെ പ്രത്യേകപദവി കേന്ദ്രസർക്കാർ റദ്ദാക്കിയതോടെ സൈന്യത്തിന്റെ കീഴിലുള്ള ജയിലായി സംസ്ഥാനം മാറിയെന്ന് ഇടതുസംഘടനാ പ്രവർത്തകരും സാമൂഹികപ്രവർത്തകരും ആരോപിച്ചു. മോദിസർക്കാരിന്റെ ഈ തീരുമാനം അസാന്മാർഗികവും ഭരണഘടനാവിരുദ്ധവും അനധികൃതവുമാണെന്ന് അവർ കുറ്റപ്പെടുത്തി.

കശ്മീർ സന്ദർശിച്ചശേഷം ബുധനാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ. കേന്ദ്രത്തിന്റെ നടപടിയിലുള്ള ദേഷ്യവും നൈരാശ്യവും സങ്കടവുമാണ് ജനങ്ങളിൽ കാണാൻ സാധിച്ചത്. ദേശീയമാധ്യമങ്ങൾ പ്രദർശിപ്പിക്കുന്നത് ശ്രീനഗറിന്റെ പ്രധാനഭാഗത്തെ കാഴ്ചകൾ മാത്രമാണ്. മറ്റു ഭാഗങ്ങളിലേക്കു കടന്നുചെല്ലാൻ തയ്യാറാവുന്നില്ല. കേന്ദ്രത്തിന്റെ തീരുമാനത്തിൽ കശ്മീരിലെ ജനം ആഹ്ലാദിക്കുകയാണെന്നാണ് മാധ്യമങ്ങൾ പുറത്തുവിടുന്ന വിവരം. എന്നാൽ, നേരെ മറിച്ചാണ് യാഥാർഥ്യമെന്ന് സന്ദർശനത്തിൽ വ്യക്തമായി.

ഏതാനും എ.ടി.എമ്മുകൾ, ആശുപത്രികൾ എന്നിവയൊഴിച്ചാൽ മറ്റൊന്നും പ്രവർത്തിക്കുന്നില്ല. സ്ഥിതിഗതികൾ സാധാരണനിലയിലല്ല. പെരുന്നാൾ ആഘോഷിക്കാൻപോലും ജനങ്ങൾക്കു സാധിച്ചിട്ടില്ല. ഭയാനകമായ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. കേന്ദ്രസർക്കാരിനെ പേടിച്ച് തുറന്നുസംസാരിക്കാൻ ജനങ്ങൾ തയ്യാറാവുന്നില്ല. പദവി റദ്ദാക്കിയതിൽ സംസ്ഥാനത്ത് ബി.ജെ.പി.ക്കാർ മാത്രമാണ് സന്തോഷിക്കുന്നത്. ജനങ്ങൾക്ക് ഒരു സ്വകാര്യതയും ലഭിക്കുന്നില്ല.

കശ്മീരി പെൺകുട്ടികൾക്ക് സ്വാതന്ത്ര്യമില്ലെന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാൽ, അത്തരമൊരു സ്ഥിതിയില്ലെന്ന് സന്ദർശനത്തിൽ ബോധ്യപ്പെട്ടു. സംസ്ഥാനത്ത് വികസനമൊന്നും കാണാൻ കഴിഞ്ഞില്ലെന്നും അവർ കുറ്റപ്പെടുത്തി.

കശ്മീരിന്റെ പ്രത്യേകപദവി എത്രയും വേഗം തിരിച്ചുകൊടുക്കണം. ടെലിഫോൺ, മൊബൈൽ ഫോൺ, ഇന്റർനെറ്റ് സേവനം തുടങ്ങിയവ ഉടൻ പുനഃസ്ഥാപിക്കണം. സംസ്ഥാനത്തെ ജനങ്ങളുടെ താത്പര്യം കണക്കിലെടുക്കാതെ ഭാവിയിൽ കശ്മീരിന്റെ പദവിയുടെ കാര്യത്തിൽ തീരുമാനമെടുക്കരുത്. മാധ്യമപ്രവർത്തകർക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

പത്രസമ്മേളനത്തിൽ കവിതാ കൃഷ്ണൻ (സി.പി.ഐ-എം.എൽ), മൈമൂന മൊല്ല (എ.ഐ.ഡി.ഡബ്ല്യു.എ.), വിമൽ ബായി (എൻ.എ.പി.എം.), ജീൻ ഡ്രീസ് (സാമ്പത്തികവിദഗ്ധൻ) എന്നിവർ പങ്കെടുത്തു.

വീഡിയോ പ്രദർശിപ്പിക്കാൻ അനുവദിച്ചില്ല

ജമ്മുകശ്മീർ സന്ദർശനവേളയിൽ എടുത്ത വീഡിയോ പ്രദർശിപ്പിക്കാൻ പത്രസമ്മേളനംനടന്ന പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ അനുമതിനൽകിയില്ല. കശ്മീരിനെക്കുറിച്ചുള്ള വീഡിയോ പ്രദർശിപ്പിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണിത്.