നീമച്: മധ്യപ്രദേശിലെ നീമച് ജില്ലയിൽ മയിലുകളെ മോഷ്ടിച്ചെന്നാരോപിച്ച് ആൾക്കൂട്ടം ഒരാളെ തല്ലിക്കൊന്നു. ദളിതനായ ഹീരാലാൽ ബൻച്ഛഡയാണ് (58) കൊല്ലപ്പെട്ടത്. ലസുഡി അന്താരി ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് ഒൻപതുപേരെ പോലീസ് ശനിയാഴ്ച അറസ്റ്റുചെയ്തു.
വെള്ളിയാഴ്ച രാത്രി ഒൻപതിന് മയിലുകളെ മോഷ്ടിച്ച് നാലുപേർ വയലിലൂടെ ഒാടുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ അവരെ പിന്തുടരുകയായിരുന്നെന്ന് എസ്.പി. രാകേഷ് കുമാർ സാഗർ പറഞ്ഞു. ബൻച്ഛഡെ നാട്ടുകാരുടെ പിടിയിലായി. ബാക്കിയുള്ളവർ ഓടിരക്ഷപ്പെട്ടു. ചത്ത നാലു മയിലുകളെ ഇയാളുടെ പക്കൽനിന്നു കണ്ടെടുത്തു. തുടർന്ന് നാട്ടുകാർ ഇയാളെ മർദിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാളെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീടു മരിച്ചു.
മയിലിനെ പിടികൂടി കൊന്നതിന് ബൻച്ഛഡ, ഇയാളുടെ മകൻ, മറ്റുരണ്ടുപേർ എന്നിവർക്കെതിരേ വന്യജീവി സംരക്ഷണനിയമപ്രകാരം കേസെടുത്തു. ദേശീയപക്ഷിയായ മയിലിനെ വേട്ടയാടുന്നതും കൊല്ലുന്നതും ഏഴുവർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.