: ഗുജറാത്തിൽ എം.എൽ.എ.സ്ഥാനം രാജിവെച്ച മുൻ എ.ഐ.സി.സി. സെക്രട്ടറി അൽപേഷ് ഠാക്കോറിനും ധവൽസിങ് ജാലയ്ക്കും ബി.ജെ.പി.യിൽ ചേരുന്നതിന് ക്ഷത്രിയ ഠാക്കോർ സേനയുടെ ഉന്നതാധികാരസമിതി അനുമതിനൽകി. ബി.ജെ.പി. നേതാക്കളുമായി ചർച്ചചെയ്യാൻ അൽപേഷിനെ യോഗം ചുമതലപ്പെടുത്തുകയും ചെയ്തു.
2017 ഡിസംബറിലെ നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പാണ് സംസ്ഥാനത്തെ പ്രബല ഒ.ബി.സി. നേതാവായ അൽപേഷ് ഠാക്കോർ കോൺഗ്രസിലെത്തിയത്. അൽപേഷ്-ഹാർദിക്-ജിഗ്നേഷ് യുവസഖ്യം സംസ്ഥാനത്ത് കോൺഗ്രസിന് മുന്നേറ്റമുണ്ടാക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു. രാധൻപുർ എം.എൽ.എ.യായി വിജയിച്ച അൽപേഷിനെ ബിഹാറിൽ പാർട്ടിയുടെ ചുമതലക്കാരിലൊരാളായും രാഹുൽഗാന്ധി നിയോഗിച്ചു.
എന്നാൽ, ഗുജറാത്തിലെ പാർട്ടി നേതൃത്വവുമായി തെറ്റിയ ഇദ്ദേഹം ലോക്സഭാ തിരഞ്ഞെടുപ്പിനുമുന്നേ പാർട്ടിവിടുമെന്ന സൂചനകളുണ്ടായിരുന്നു. ഏപ്രിൽ 10-ന് എല്ലാ പാർട്ടി സ്ഥാനങ്ങളും രാജിവെച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരേ പ്രവർത്തിക്കുകയും ചെയ്തു. കഴിഞ്ഞ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് വോട്ടുചെയ്തതിനു പിന്നാലെ അൽപേഷും അനുയായി ധവൽസിങ്ങും എം.എൽ.എ.സ്ഥാനവും രാജിവെച്ചു. ഇരുവരെയും വിപ്പുലംഘിച്ചതിന് ആറുവർഷത്തേക്ക് അയോഗ്യരാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ക്ഷത്രിയ ഠാക്കോർ സേനയുടെ നേതാവായ അൽപേഷ് സമുദായതാത്പര്യമനുസരിച്ച് പ്രവർത്തിക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടർന്നാണ് ബി.ജെ.പി.യിൽ ചേരാൻ അനുമതിനൽകിയത്. ഭരണകക്ഷിയോടൊപ്പംനിൽക്കുന്നതാണ് ഉചിതമെന്നും കോൺഗ്രസ് തിരിച്ചുവരാനാവാത്തവിധം തകർച്ചയിലാണെന്നും യോഗം വിലയിരുത്തി.