മുംബൈ: ഭൂഷൺ പവർ ആൻഡ് സ്റ്റീലിനെ ഏറ്റെടുക്കുന്നതിൽനിന്ന് പിൻമാറിയിട്ടില്ലെന്നും എന്നാൽ കമ്പനി നടത്തിയ തട്ടിപ്പു സംബന്ധിച്ച വാർത്തകൾ ആശങ്കയുണ്ടാക്കുന്നതായും ജെ.എസ്.ഡബ്ല്യു. സ്റ്റീൽ. ദേശീയ കമ്പനി നിയമ ട്രിബ്യൂണലിലാണ് (എൻ.സി.എൽ.ടി.) ജെ.എസ്.ഡബ്ല്യു. ഇക്കാര്യം അറിയിച്ചത്. അതേസമയം, തട്ടിപ്പു സംബന്ധിച്ച റിപ്പോർട്ടുകൾ ഏറ്റെടുക്കൽ നടപടികളെ ബാധിക്കില്ലെന്ന് എൻ.സി.എൽ.ടി. അറിയിച്ചു. 19,000 കോടി രൂപ ചെലവിട്ടാണ് ഭൂഷൺ സ്റ്റീലിനെ കമ്പനി ഏറ്റെടുക്കാനൊരുങ്ങുന്നത്.
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 3805 കോടി രൂപയും അലഹബാദ് ബാങ്കിൽ നിന്ന് 1774 കോടി രൂപയും ഭൂഷൺ സ്റ്റീൽ വായ്പയെടുത്ത് മുക്കിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അലഹബാദ് ബാങ്കിലെ തട്ടിപ്പു സംബന്ധിച്ച് വാർത്ത പുറത്തു വന്നതോടെ തിങ്കളാഴ്ച ബാങ്കിന്റെ ഓഹരി വില 7.64 ശതമാനം ഇടിഞ്ഞു. രാവിലെ 15 ശതമാനം വരെ ഇടിഞ്ഞ ശേഷം മുന്നേറുകയായിരുന്നു.