ന്യൂഡല്‍ഹി : ശബരിമലക്ഷേത്രത്തിൽ പത്തിനും അമ്പതിനുമിടയിൽ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാൻ പാടില്ലെന്ന തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ വാദത്തെ പിന്തുണച്ച് നായർ സർവീസ് സൊസൈറ്റി(എന്‍.എസ്.എസ്.) സുപ്രീംകോടതിയിൽ. പ്രത്യേക ‘വിശ്വാസി സമൂഹ’ത്തിന് ആചാരങ്ങള്‍ നിലനിര്‍ത്താന്‍ ഭരണഘടനാപരമായ അവകാശങ്ങളുണ്ടെന്നാണ് ബോര്‍ഡിനു വേണ്ടി അഭിഷേക് മനു സിങ്‌വി വാദിച്ചതെങ്കില്‍, പ്രതിഷ്ഠയുടെ സവിശേഷതയിൽ ഊന്നിയായിരുന്നു എൻ.എസ്.എസിനു വേണ്ടി കെ. പരാശരന്റെ വാദം.
“നൈഷ്ഠിക ബ്രഹ്മചാരിയായ ശബരിമല അയ്യപ്പന്‍ പത്തിനും അമ്പതിനുമിടയിലുള്ള സ്ത്രീകളുടെ സാന്നിധ്യം ആഗ്രഹിക്കുന്നില്ല. ശബരിമലയിലെ പ്രതിഷ്ഠയ്ക്ക് അവകാശങ്ങളുണ്ട്”- അദ്ദേഹം വാദിച്ചു.
ശബരിമലയിലെ സ്ത്രീവിലക്ക് ആചാരങ്ങളുടെ ഭാഗവും ഒഴിച്ചുകൂടാനാവാത്തതുമാണോയെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചോദിച്ചു. പ്രശസ്തമായ ഒട്ടേറെ അയ്യപ്പക്ഷേത്രങ്ങള്‍ കേരളത്തില്‍ തന്നെയുണ്ട്. എന്നാല്‍, ശബരിമലയിലേതു സവിശേഷതയുള്ള പ്രതിഷ്ഠയാണെന്നും അതു നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും പരാശരന്‍ പറഞ്ഞു. പത്തിനും അമ്പതിനുമിടയിലുള്ള സ്ത്രീകളുടെ സാന്നിധ്യം പ്രതിഷ്ഠയുടെ വ്രതത്തെ ബാധിക്കും. പ്രതിഷ്ഠ അതാഗ്രഹിക്കുന്നില്ല. വിശ്വാസിയും പ്രതിഷ്ഠയുമില്ലാതെ ദൈവം, ആരാധന എന്നീ ആശയങ്ങള്‍ പൂര്‍ണമാകില്ല. ഹിന്ദുനിയമങ്ങള്‍ വിവേചനം കാണിക്കുന്നവയല്ല -അദ്ദേഹം വാദിച്ചു.
പൊതുസ്വഭാവമുള്ള ഹിന്ദു ആരാധനാലയങ്ങള്‍ ഹിന്ദുക്കളിലെ എല്ലാ വിഭാഗത്തിനും തുറന്നുകൊടുക്കുന്നതുമായി ബന്ധപ്പെട്ട ഭരണഘടനയിലെ 25(2-ബി) വകുപ്പിന്റെ പരിധിയില്‍ സ്ത്രീകള്‍ വരില്ലെന്നും പരാശരന്‍ വാദിച്ചു. എങ്ങനെയാണ് ഇതില്‍നിന്നു സ്ത്രീകളെ ഒഴിവാക്കാന്‍ സാധിക്കുകയെന്നു കോടതി ആരാഞ്ഞു.
ക്ഷേത്രങ്ങളിലേക്ക് പ്രവേശനമില്ലാതിരുന്ന പിന്നാക്ക വിഭാഗക്കാരെ ഉദ്ദേശിച്ചുള്ള പ്രത്യേക വകുപ്പായാണ് 25(2-ബി)യെ വ്യാഖ്യാനിക്കേണ്ടതെന്ന് പരാശരന്‍ വ്യക്തമാക്കി. തൊട്ടുകൂടായ്മ നിരോധിച്ചതുമായി ബന്ധപ്പെട്ട 17-ാം വകുപ്പിന്റെ അന്തസ്സത്തയുമായി യോജിച്ചുപോകുന്നതാണോ 25(2-ബി) എന്ന് ജസ്റ്റിസ് നരിമാന്‍ ചോദിച്ചപ്പോള്‍ അതേയെന്നായിരുന്നു പരാശരന്റെ മറുപടി.
അങ്ങനെയെങ്കില്‍ 17-ാം വകുപ്പിന്റെ അനിവാര്യതയെന്താണെന്ന് ജസ്റ്റിസ് നരിമാന്‍ ചോദിച്ചു. കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കാനാണെന്ന് പരാശരന്‍ മറുപടി നല്‍കി. ഹിന്ദുക്കളിലെ ജാതി വിവേചനം മാത്രം ഉദ്ദേശിച്ചുള്ളതാണ് 25(2-ബി). അത് സ്ത്രീകളിലേക്കും വ്യാപിപ്പിച്ചാല്‍ മറ്റു മതങ്ങളിലെ സ്ത്രീ വിവേചന വിഷയങ്ങള്‍ക്കും ബാധകമാകുമെന്ന് പരാശരന്‍ പറഞ്ഞു.
എന്‍.എസ്.എസിന്റെ വാദങ്ങള്‍ ബുധനാഴ്ച പൂര്‍ത്തിയായി. ശബരിമല തന്ത്രി, വിവിധ സംഘടനകള്‍, അമിക്കസ് ക്യൂറി രാമമൂര്‍ത്തി തുടങ്ങി മറ്റു കക്ഷികളുടേയെല്ലാം വാദം വ്യാഴാഴ്ച പൂര്‍ത്തിയായേക്കും.