:കേരളപാണിനി എന്നറിയപ്പെടുന്ന എ.ആർ. രാജരാജവർമ കാലയവനികയ്ക്കുള്ളിൽ മറഞ്ഞ് നൂറ് വർഷം തികയുന്ന വേളയിൽ അദേഹത്തെ അനുസ്മരിക്കേണ്ടത് അനിവാര്യമാണ്. മലയാള ഭാഷയുടെ അടിസ്ഥാന ഗ്രന്ഥങ്ങളെന്നറിയപ്പെടുന്ന കേരള പാണിനീയം, ഭാഷാഭൂഷണം, വൃത്തമഞ്ജരി എന്നിവ സംഭാവന ചെയ്ത എ.ആർ. രാജരാജവർമ നിത്യസ്മരണീയൻ തന്നെയാണ്.

കേരളവർമ വലിയ കോയിത്തമ്പുരാന്റെ മാതൃസഹോദരീപുത്രിയായ ഭരണി തിരുനാൾ അംബാലികത്തമ്പുരാട്ടിയുടെയും കിടങ്ങൂർ ഓണത്തുരുത്തി പാറ്റിയാൽ ഇല്ലത്ത് വാസുദേവൻ നമ്പൂതിരിയുടെയും മകനായി 1863 ഫെബ്രുവരി രണ്ടിന് ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരത്തിൽ എ.ആർ. രാജരാജവർമ ജനിച്ചു. കൊട്ടാരത്തിലെ ഗുരുനാഥന്മാരിൽനിന്നും അമ്മാവനായ കേരളവർമത്തമ്പുരാനിൽനിന്നും സംസ്കൃത വിദ്യാഭ്യാസം നേടി. ഇരുപതാം വയസ്സിൽ മെട്രിക്കുലേഷൻ പരീക്ഷ വിജയിച്ചു. എഫ്.എ. പരീക്ഷ ജയിച്ചശേഷം രസതന്ത്രം ഐച്ഛികമായെടുത്ത് ബിരുദവും സംസ്കൃതം ഐച്ഛികമായെടുത്ത് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. മദിരാശി പ്രൊവിൻസിൽ ഒന്നാം റാങ്കോടെയായിരുന്നു വിജയം. കേരളത്തിൽ സംസ്കൃത പാഠശാലാ ഇൻസ്പെക്ടറായി ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പുതന്നെ അദേഹത്തെ മദ്രാസ് സർവകലാശാലയുടെ പാഠപുസ്തക കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തു.

എ.ആർ. രാജരാജവർമയെ പ്രശസ്തനാക്കിയത് അക്കാലത്തെ പ്രാസവാദമാണെന്ന് പറയാം. അമ്മാവനായ കേരളവർമ വലിയ കോയിത്തമ്പുരാൻ അർഥത്തെക്കാൾ ശബ്ദത്തിന് പ്രധാന്യം നല്കുകയും സജാതീയ ദ്വിതീയാക്ഷരപ്രാസം കവിതകളിൽ പാലിക്കപ്പെടണമെന്നാവശ്യപ്പെടുകയും ചെയ്തത് എ.ആറിന് ഇഷ്ടപ്പെട്ടില്ല. വാക്കിനും അർഥത്തിനും പുറമേ മറ്റെന്തോ ഒന്നിന്റെ പ്രേരണകൊണ്ട് വാങ്മധുതൂകുന്ന വൈദർഭീ രീതിയാണ് അഭികാമ്യമെന്നദ്ദേഹം അഭിപ്രായപ്പെട്ടു. പ്രാസദീക്ഷ ആവശ്യമില്ലെന്ന് തുറന്ന് പറഞ്ഞു. ഉള്ളൂർ എസ്. പരമേശ്വരയ്യർ, നടുവത്തച്ഛൻ നമ്പൂതിരി, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മുതലായവർ കേരളവർമയെ പിന്തുണച്ചു. കെ.സി. കേശവപിള്ള, വി.സി. ബാലകൃഷ്ണ പണിക്കർ, പുന്നശ്ശേരി നമ്പി, നീലകണ്ഠശർമ തുടങ്ങിയവർ എ.ആറിന്റെ പക്ഷത്തായിരുന്നു. കേരളവർമ പ്രാസനിഷ്ഠയോടെ മയൂര സന്ദേശമെഴുതിയപ്പോൾ പ്രാസദീക്ഷയില്ലാതെ എ.ആർ. മേഘദൂതം വിവർത്തനമെഴുതി. നീണ്ട ചർച്ചകൾക്കുശേഷം എ.ആറിന്റെ അഭിപ്രായത്തെ മാനിച്ചുകൊണ്ട് കേരളവർമ ‘ദൈവയോഗം’ രചിച്ചതോടെ പ്രാസവാദം അവസാനിച്ചു.

തമിഴിൽനിന്ന് മലയാളം വേർതിരിയുന്നതിനെക്കുറിച്ച് കേരള പാണിനീയത്തിൽ സുദീർഘവും സുവ്യക്തവുമായ പഠനം അവതരിപ്പിച്ചിട്ടുണ്ട്. നാമം, ക്രിയ, ലിംഗം, വചനം, വിഭക്തി, സന്ധി, സമാസം, കൃത്ത്, തദ്ധിതം തുടങ്ങിയവയെല്ലാം ഈ ഗ്രന്ഥത്തിൽ വിശദമാക്കുന്നു. അലങ്കാരങ്ങൾ, വ്യംഗ്യം, ധ്വനി മുതലായവയെക്കുറിച്ച് ഭാഷാഭൂഷണത്തിലും വൃത്തശാസ്ത്ര വിശദീകരണം വൃത്തമഞ്ജരിയിലും അവതരിപ്പിച്ചിരിക്കുന്നു. ഗദ്യരചനാരീതി വ്യക്തമാക്കുന്ന സാഹിത്യസാഹ്യമാണ് തമ്പുരാന്റെ മറ്റൊരു സംഭാവന. ഇവയ്ക്ക് പുറമേ സംസ്കൃതത്തിലും മലയാളത്തിലുമായി ഒട്ടേറെ കൃതികൾ അദ്ദേഹം രചിച്ചു.

സ്വപ്‌നവാസവദത്തം, മാളവികാഗ്‌നിമിത്രം, ചാരുദത്തൻ, ഭാഷാകുമാരസംഭവം, മേഘദൂത് എന്നിവ അദേഹത്തിന്റെ ലളിതങ്ങളായ വിവർത്തനങ്ങളാണ്. നളചരിതം ആട്ടക്കഥയ്ക്ക് കാന്താരതാരകം എന്ന പേരിലെഴുതിയ വ്യാഖ്യാനമാണ് പ്രത്യേകം പറയേണ്ട കൃതി. കുമാരനാശാന്റെ നളിനിക്ക് വളരെക്കുറച്ചു വാക്കുകൾകൊണ്ട് മർമ സ്പർശിയായെഴുതിയ അവതാരികയും പ്രത്യേകം സ്മരിക്കേണ്ടതാണ്.

പ്രഥമ വ്യാകരണം, ശബ്ദശോധിനി, മലയവിലാസം, മണിദീപിക, പ്രസാദമാല മുതലായ മലയാള ഗ്രന്ഥങ്ങളും അദ്ദേഹം എഴുതി. സാഹിത്യ കുതൂഹലം, ഉദ്ദാല ചരിതം, ആംഗല സാമ്രാജ്യം, വിടവിഭാവരി, തുലാഭാര പ്രബന്ധം, ഋഗ്വേദകാരിക, രുക്മിണീഹരണം, ചിത്ര നക്ഷത്ര മാല, കരണ പരിഷ്കരണം എന്നിവ അദേഹത്തിന്റെ സംസ്കൃത രചനകളാണ്.

ഭാഷയിലുണ്ടാകുന്ന കൃതികളുടെ ഗുണദോഷവിചിന്തനം ചെയ്യേണ്ടത് ആവശ്യമാണെന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. കവിതയുടെ രൂപശില്പങ്ങൾക്ക് ലഭിക്കുന്ന അമിതപ്രാധാന്യം അദേഹത്തിന് സ്വീകാര്യമായിരുന്നില്ല. ഭാവത്തിനു പ്രധാന്യം വേണമെന്നായിരുന്നു അഭിപ്രായം. എഴുതുന്ന കൃതികളുടെ ആന്തരികമായ ശക്തി കണ്ടെത്തി എഴുത്തുകാരെ േപ്രാത്സാഹിപ്പിക്കാൻ എ.ആർ. മുൻപന്തിയിലുണ്ടായിരുന്നു. എ.ആറിന്റെ മരണത്തിലനുശോചിച്ച് മഹാകവി കുമാരനാശാൻ എഴുതിയ പ്രരോദനത്തിലെ ഒരോ ശ്ലോകത്തിലും എ.ആറിന്റെ സ്വഭാവഗുണങ്ങൾ നിറഞ്ഞുനിൽക്കുന്നതുകാണാം.

നിരൂപണത്തിനും വിമർശനത്തിനും വിവിധങ്ങളായ ശാസ്ത്ര-സാമൂഹിക വിഷയങ്ങളുടെ വിശദീകരണത്തിനും വേണ്ടി ലേഖനങ്ങളും ഗ്രന്ഥങ്ങളുമെഴുതാനും മറ്റുള്ളവരെക്കൊെണ്ടഴുതിക്കാനും എ.ആർ. രാജരാജവർമ മുൻകൈയെടുത്തപ്പോൾ മലയാള സാഹിത്യരംഗം ക്രമേണ പരിപുഷ്ടമായെന്ന് പറയാം.

മാവേലിക്കര സ്വാതിതിരുനാൾ മഹാപ്രഭാത്തമ്പുരാട്ടിയായിരുന്നു അദേഹത്തിന്റെ പത്നി. 1918 ജൂൺ 18-ന് അദ്ദേഹം മരിച്ചു. മലയാളഭാഷാ നിലനിൽക്കുന്നിടത്തോളം കാലം എ.ആർ. രാജരാജവർമയും മലയാളികളുടെ മനസ്സിൽ തെളിഞ്ഞു നിൽക്കും. അദ്ദേഹത്തിന്റെ സ്മരണയ്ക്കു മുന്നിൽ ആദരാഞ്ജലികൾ.