ന്നൈ: ഏറ്റവും കുറഞ്ഞ സമയം കൊണ്ട് നിര്‍മിച്ച 'വിശ്വഗുരു' സിനിമയുടെ സംവിധായകന്‍ വിജീഷ് മണിയും നിര്‍മാതാവ് എ.വി. അനൂപും (മെഡിമിക്‌സ്) ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചു. ഗിന്നസ് അധികൃതരില്‍നിന്ന് ഇതുസംബന്ധിച്ച അറിയിപ്പു ലഭിച്ചു.

സിനിമയുടെ തിരക്കഥ മുതല്‍ ചിത്രീകരണവും പ്രദര്‍ശനവും വരെയുള്ള കാര്യങ്ങള്‍ രണ്ട് ദിവസവും മൂന്നു മണിക്കൂറും രണ്ട് മിനിറ്റും മാത്രമെടുത്താണ് പൂര്‍ത്തിയാക്കിയത്. നിലവിലെ ശ്രീലങ്കന്‍ സിനിമയുടെ േപരിലുള്ള 71 മണിക്കൂറും 10 മിനിറ്റും എന്ന റെക്കോഡാണ് വിശ്വഗുരു മറികടന്നത്. എ.വി.എ. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രം ശ്രീനാരായണഗുരുവിന്റെ ജീവിതാവിഷ്‌കാരമാണ്. കഴിഞ്ഞ ഡിസംബറില്‍ 27-ന് രാത്രി തിരക്കഥ രചിച്ച് ഷൂട്ടിങ് ആരംഭിച്ച ചിത്രം രണ്ടുദിവസത്തിനുശേഷം 29-ന് രാത്രി 11.30-ന് തിരുവനന്തപുരം നിളാ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു.

ഷൂട്ടിങ്ങിനു പുറമേ ടൈറ്റില്‍ രജിസ്‌ട്രേഷന്‍, പോസ്റ്റ് പ്രൊഡക്ഷന്‍, പോസ്റ്റര്‍ ഡിസൈനിങ്, സെന്‍സറിങ് തുടങ്ങിയ എല്ലാ ജോലികളും പ്രസ്തുത സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കി. പുരുഷോത്തമന്‍ കൈനക്കര, ഗാന്ധിയന്‍, ചാച്ചാ ശിവരാമന്‍, കലാധരന്‍, കലാനിലയം രാമചന്ദ്രന്‍, ഹരികൃഷ്ണന്‍, കെ.പി.എ.സി. ലീലാ കൃഷ്ണന്‍, റോജി പി. കുര്യന്‍, ഷെജിന്‍, ബേബി പവിത്ര, മാസ്റ്റര്‍ ശരണ്‍ എന്നിവരാണ് അഭിനേതാക്കള്‍.

പട്ടണം റഷീദ് ചമയവും ഇന്ദ്രന്‍സ് ജയന്‍ വസ്ത്രാലങ്കാരവും നിര്‍വഹിച്ച സിനിമയുടെ സര്‍ഗാത്മക നിര്‍ദേശം സച്ചിദാനന്ദസ്വാമിയും തിരക്കഥ പ്രമോദ് പയ്യന്നൂരും ഛായാഗ്രഹണം ലോകനാഥനുമാണ് നിര്‍വഹിച്ചത്. ശിവഗിരിമഠവും പരിസരവുമായിരുന്നു ലൊക്കേഷന്‍.