ന്യൂഡല്‍ഹി: രാജ്യത്തെ പൊതു പ്രവേശനപ്പരീക്ഷകളുടെ നടത്തിപ്പ് ഒരു കുടക്കീഴിലാക്കുന്നതു ലക്ഷ്യമിട്ട് രൂപവത്കരിക്കുന്ന നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് (എന്‍.ടി.എ.) കേന്ദ്രമന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. സി.ബി.എസ്.ഇ. നടത്തിവരുന്ന ആറ് പ്രവേശനപ്പരീക്ഷകളാണ് തുടക്കത്തില്‍ ഏജന്‍സി ഏറ്റെടുക്കുക. ഇതുസംബന്ധിച്ച കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ ശുപാര്‍ശയ്ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

പ്രധാന പൊതുപ്രവേശന പരീക്ഷകളുടെ നടത്തിപ്പ് ചുമതല നിലവില്‍ സി.ബി.എസ്.ഇ.യ്ക്കാണ്. ഇത് അമിതഭരണ ഭാരമുണ്ടാക്കുന്നുണ്ടെന്ന് സി.ബി.എസ്.ഇ. ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിലാണ് മാനവശേഷി വികസന മന്ത്രാലയം പുതിയ ഏജന്‍സിക്ക് രൂപം കൊടുത്തത്. എ.ഐ.സി.ടി.ഇ. ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ നടത്തുന്ന പ്രവേശനപ്പരീക്ഷകളും എന്‍.ടി.എ.യ്ക്ക് കീഴിലാകും.

പ്രവേശനപ്പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തുക, വര്‍ഷം രണ്ട് പ്രാവശ്യം പ്രവേശനപ്പരീക്ഷകള്‍ നടത്തുക, ജില്ലാ തലത്തിലും ഉപജില്ലാ തലത്തിലും പരീക്ഷാ കേന്ദ്രങ്ങള്‍ ഒരുക്കുക തുടങ്ങിയ നടപടികള്‍ ടെസ്റ്റിങ് ഏജന്‍സി ആവിഷ്‌കരിക്കും. കേന്ദ്ര മാനവശേഷി വികസനമന്ത്രാലയം നിയോഗിക്കുന്ന ഒരു വിദ്യാഭ്യാസ വിദഗ്ധനായിരിക്കും ഏജന്‍സിയുടെ അധ്യക്ഷന്‍. ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ അടങ്ങുന്ന ഒരു ഭരണസമിതി രൂപവത്കരിക്കും.

പ്രാഥമിക നടപടികള്‍ക്കായി തുടക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍ 25 കോടി രൂപ ഏജന്‍സിക്ക് നല്‍കും. തുടര്‍ന്നുള്ള വര്‍ഷത്തില്‍ ഏജന്‍സി സാമ്പത്തിക സ്വയംപര്യാപ്തത നേടുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. രാജ്യത്തെ 40 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഏജന്‍സിയിലൂടെ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.