ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബറിലേക്ക് നീളാന്‍ സാധ്യത. നവംബര്‍ മധ്യത്തോടെ തുടങ്ങി ഡിസംബര്‍ മധ്യത്തോടെയാണ് സാധാരണ ശീതകാലസമ്മേളനം ചേരാറ്. ഇത്തവണ നവംബറില്‍ തുടങ്ങാനുള്ള സാധ്യത കുറവാണ്. അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതി യോഗമാണ് തീയതി നിശ്ചയിക്കുക.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പാണ് സമ്മേളനം അനിശ്ചിതത്വത്തിലാക്കിയത്. ഡിസംബര്‍ 12-നാണ് ഗുജറാത്തില്‍ പ്രചാരണം തീരുക. അതിനുശേഷം ഹ്രസ്വമായ സമ്മേളനം ചേരുക എന്നതാണ് സര്‍ക്കാര്‍ പരിഗണിക്കുന്ന ഒരു മാര്‍ഗം. അല്ലെങ്കില്‍ ഡിസംബര്‍ ആദ്യം തുടങ്ങി മൂന്നാം വാരത്തില്‍ സമാപിക്കുന്നതരത്തില്‍ ചേരാനും ആലോചനയുണ്ട്്്.

തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പാര്‍ലമെന്റ് സമ്മേളനം കേന്ദ്രസര്‍ക്കാരും ബി.ജെ.പി.യും ആഗ്രഹിക്കുന്നില്ല എന്ന വിമര്‍ശം കോണ്‍ഗ്രസ് ഉയര്‍ത്തിക്കഴിഞ്ഞു. നോട്ടസാധുവാക്കല്‍, ജി.എസ്.ടി. വിഷയങ്ങളെ തുടര്‍ന്നുള്ള സാമ്പത്തികത്തകര്‍ച്ച, ജയ് ഷാക്കെതിരായ അഴിമതി ആരോപണം തുടങ്ങിയവ പ്രതിപക്ഷം ഉയര്‍ത്തുമെന്നതിനാല്‍ പ്രചാരണം പൂര്‍ത്തിയാകുംവരെ സമ്മേളനം നീട്ടിക്കൊണ്ടുപോകാനാണ് ബി.ജെ.പി.യുടെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.