ന്യൂഡല്‍ഹി: പാര്‍ലമെന്റ് സ്ട്രീറ്റില്‍ തൊഴിലാളി സംഘടനകളുടെ സംയുക്തപ്രക്ഷോഭം രണ്ടാംദിവസം പിന്നിട്ടു. മിനിമം കൂലി 18,000 രൂപയാക്കുന്നതടക്കമുള്ള പന്ത്രണ്ടിന ആവശ്യങ്ങളുന്നയിച്ചുള്ളതാണ് ബി.എം.എസ്. ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ സംയുക്തമായി മഹാധര്‍ണ നടത്തുന്നത്.

തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പാക്കിയിരുന്ന 150 നിയമങ്ങള്‍ ഭേദഗതി ചെയ്ത് നാലുനിയമങ്ങളായി ചുരുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തതെന്ന് എച്ച്.എം.എസ്. മുന്‍ ദേശീയ അധ്യക്ഷന്‍ തമ്പാന്‍ തോമസ് വിമര്‍ശിച്ചു. രാജസ്ഥാനിലെ പത്രമാരണനിയമം റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്‍.ഡി.എ. ഭരണത്തില്‍ രാജ്യത്തെ തൊഴില്‍സ്തംഭനം രൂക്ഷമായെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. കുറ്റപ്പെടുത്തി. യു.ടി.യു.സി. ദേശീയ പ്രസിഡന്റ് എ.എ. അസീസ്, ദേശീയ സെക്രട്ടറി അശോക് ഘോഷ്, മുന്‍മന്ത്രി ഷിബു ബേബിജോണ്‍, സംസ്ഥാന സെക്രട്ടറി തോമസ് ജോസഫ് എന്നിവരും സംസാരിച്ചു.

കേരളത്തില്‍നിന്ന് സി.ഐ.ടി.യു., ഐ.എന്‍.ടി.യു.സി., എസ്.ടി.യു., എച്ച്.എം.എസ്., എ.ഐ.ടി.യു.സി. തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ തൊഴിലാളികളും ജീവനക്കാരും ധര്‍ണയില്‍ പങ്കെടുത്തു. കല്‍ക്കരി, ഉരുക്ക്, ഗതാഗതം, ടെലികോം തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ സമരത്തിനെത്തി.

ദേശീയ സെക്രട്ടറി കെ. ചന്ദ്രന്‍പിള്ള, സംസ്ഥാന സെക്രട്ടറിമാരായ ടി.കെ. രാജന്‍, ഗോപിനാഥ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കേരളത്തില്‍നിന്ന് സി.ഐ.ടി.യു. പ്രവര്‍ത്തകരെത്തിയത്. ഐ.എന്‍.ടി.യു.സി. ദേശീയ സെക്രട്ടറിമാരായ പാലോട് രവി, എം.പി. പത്മനാഭന്‍, കെ.പി. ഹരിദാസ്, പി.എസ്. പ്രശാന്ത്, അനില്‍കുമാര്‍, വി.ജെ. ജോസഫ്, പി.ജെ. ജോയി, കൃഷ്ണവേണി എന്നിവരുടെ നേതൃത്വത്തില്‍ ഐ.എന്‍.ടി.യു.സി. പ്രവര്‍ത്തകരും സമരത്തിനെത്തി.

മോദിസര്‍ക്കാര്‍ തൊഴിലാളിദ്രോഹനടപടികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് ഐ.എന്‍.എല്‍.സി. കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. എം. ഉണ്ണികൃഷ്ണന്‍, രാജു ആന്റണി, എം. ജീവകുമാര്‍, ബാബു ചാവടി, സി.വി. ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.