കൊല്‍ക്കത്ത: കോടികളുടെ ചിട്ടിതട്ടിപ്പ് നടത്തിയ ശാരദാ ഗ്രൂപ്പ് മേധാവി സുദീപ്ത സെന്നുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പലതവണ കൂടിക്കാഴ്ച നടത്തിയിരുന്നെന്ന് ബി.ജെ.പി.യില്‍ പുതുതായി ചേര്‍ന്ന മുന്‍ തൃണമൂല്‍ സെക്രട്ടറി ജനറല്‍ മുകുല്‍റോയ് ആരോപിച്ചു. ഉത്തരബംഗാളിലെ ദേലോയില്‍ നടന്ന കൂടിക്കാഴ്ചയില്‍ താനും പുറത്താക്കപ്പെട്ട പാര്‍ട്ടി എം.പി. കുനാല്‍ ഘോഷും സന്നിഹിതരായിരുന്നെന്നും റോയ് പറഞ്ഞു. ബി.ജെ.പി.യില്‍ ചേര്‍ന്നശേഷം കൊല്‍ക്കത്തയില്‍ ആദ്യമായി നടത്തിയ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ദേലോയില്‍ മാത്രമല്ല, പ്രതിദിന്‍ പത്രമോഫീസിലും ചിത്രകാരന്‍ ശുഭപ്രസന്നയുടെ വീട്ടിലും കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നെന്നും റോയ് വെളിപ്പെടുത്തി. മാധ്യമങ്ങള്‍, ടൂറിസം തുടങ്ങി പല മേഖലകളിലായി സുദീപ്ത സെന്‍ 800 കോടിയിലേറെ രൂപ നിക്ഷേപിച്ചതായും റോയ് പറഞ്ഞു. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഇതുസംബന്ധിച്ച് ഭാവിയില്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസിനെ മമത സ്വകാര്യ സ്ഥാപനമാക്കിയെന്നും പാര്‍ട്ടിയുടെ പ്രചാരണസാമഗ്രികള്‍ തയ്യാറാക്കാനുള്ള കരാര്‍ മുഴുവന്‍ അഭിഷേക് ബാനര്‍ജിയുടെ കമ്പനിക്കാണെന്നും റോയി ആരോപിച്ചു. 2021-ല്‍ സംസ്ഥാനത്ത് ബി.ജെ.പി. ഭരണം പിടിക്കുമെന്നും റോയി അവകാശപ്പെട്ടു. സംസ്ഥാന ബി.ജെ.പി. അധ്യക്ഷന്‍ ദിലീപ് ഘോഷ്, മുന്‍ അധ്യക്ഷന്‍ രാഹുല്‍ സിന്‍ഹ എന്നിവര്‍ റോയിക്കൊപ്പമുണ്ടായിരുന്നു.