കൊല്‍ക്കത്ത: 23-ാം കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് വര്‍ണാഭമായ തുടക്കമായി. നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ഷാരുഖ് ഖാന്‍, കാജല്‍, സംവിധായകന്‍ മഹേഷ് ഭട്ട് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന് മൊസ്തഫ തഗ്ഹിസാദെഹ് സംവിധാനം ചെയ്ത ഇറാനിയന്‍ ചലച്ചിത്രം 'യെല്ലോ' ഉദ്ഘാടനചിത്രമായി പ്രദര്‍ശിപ്പിച്ചു.

53 രാജ്യങ്ങളില്‍നിന്നുള്ള 143 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ബ്രിട്ടനാണ് ഇത്തവണ ഊന്നല്‍ നല്‍കുന്ന രാജ്യം. ഛായാഗ്രാഹകന്‍ രാമാനന്ദ സെന്‍ഗുപ്ത, നടന്‍മാരായ ഓംപുരി, ടോം ആള്‍ട്ടര്‍ എന്നിവര്‍ക്കുള്ള അനുസ്മരണങ്ങളുമുണ്ടാകും. ഴാങ് ലുക് ഗൊദാര്‍ദ് ടെലിവിഷനുവേണ്ടി എടുത്തതും പിന്നീട് സിനിമാരൂപത്തില്‍ റിലീസ് ചെയ്തതുമായ 'ദ റൈസ് ആന്‍ഡ് ഫോള്‍ ഓഫ് എ സ്‌മോള്‍ ഫിലിം കമ്പനി' എന്ന ചിത്രം മേളയുടെ മുഖ്യ ആകര്‍ഷണമാകും. ഫ്രാന്‍സിനു പുറത്ത് ഈ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനമാണിതെന്ന് സംഘാടകര്‍ അറിയിച്ചു.

കഴിഞ്ഞ മൂന്നു വര്‍ഷമായി മേളയുടെ മുഖ്യ ആകര്‍ഷണമായിരുന്ന, സംവിധായികമാരുടെ മത്സരവിഭാഗം ഇക്കുറിയില്ല. 'ഇന്നൊവേഷന്‍ ഇന്‍ മൂവിങ് ഇമേജസ്' എന്നതാണ് മുഖ്യ മത്സരവിഭാഗം. മലയാളത്തില്‍നിന്ന് പ്രിയനന്ദനന്റെ 'പാതിരാകാലം' ഈ വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്.

ഇന്ത്യന്‍ ഭാഷകളുടെ മത്സരവിഭാഗവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മോണ്‍പാ, കൊങ്കണി, കൊടവ, ബോറോ, ഡോഗ്രി, മൈഥിലി, ഖാസി, ചക്മ ഭാഷകളില്‍നിന്നുള്ള ചലച്ചിത്രങ്ങളും ഉണ്ടാകും. ലുമിയര്‍ സഹോദരന്‍മാര്‍, സത്യജിത് റായ്, ഋത്വിക് ഘട്ടക് എന്നിവര്‍ കൈകാര്യം ചെയ്തിരുന്ന സിനിമാ ഉപകരണങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.